Wednesday, December 12, 2012

എങ്കിലും അവള്‍ക്കെന്നെ കല്യാണം വിളിക്കാമായിരുന്നു




പറയാന്‍ പോകുന്നത് ഒരു പ്രണയ കഥയാ 'അതും തികച്ചും സാങ്കല്പികം'(വിശ്വസിക്കണം)

സംഭവത്തിന്റെ തുടക്കം പ്ലസ്‌ വണ്ണിനു പരീക്ഷയും എഴുതി വെക്കേഷന്‍ അടിച്ചു പൊളിക്കുന്ന സമയം.
വീട്ടില്‍ നിന്നുമുള്ള പോക്കറ്റ്‌ മണീസ് അടിച്ചുപൊളി ജീവിതത്തിനു തികയാത്തതു കൊണ്ട് കേറ്ററിംഗ് സര്‍വീസിനും അല്ലറ ചില്ലറ ശരീരം അനങ്ങാത്ത ജോലികള്‍ക്കും പോയി ബജറ്റ് ടാലിയാക്കികൊണ്ടിരിക്കുവാ

അങ്ങനെ ഒരു കല്യാണത്തില്‍ ഞാന്‍ വിളമ്പുകാരന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോ ഒരു ടേബിളില്‍ ഇരുന്ന, ശേ, അല്ല... ഒരു ടേബിളിനു പിന്നില്‍ കസേരയില്‍ ഇരുന്ന  ചുരുളന്‍ മുടിക്കാരി പൂച്ചക്കണ്ണിയില്‍(!!!ആവോ.. ആര്‍ക്കറിയാം) കണ്ണുകള്‍ ഉടക്കി.
ഒരു ചെറിയ പരിചയം പോലെ തോന്നുന്നല്ലോ..
ഇവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
എവിടെയാ??
കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല
ആ.. പുടി കിട്ടി, പുടി കിട്ടി.. അദ്ധന്നെ..
ഒരു വര്ഷം മുന്‍പ്‌ എന്റെ ജൂനിയര്‍ ആയിരുന്നു അവള്‍.
ഈ ഒരു വര്ഷം ഗാപ്‌ വന്നത് വേറൊന്നും കൊണ്ടല്ല, ഞാന്‍ പത്തില്‍ ആയിരുന്നപ്പോ അവള്‍ ഒന്‍പതില്‍ ആയിരുന്നു. പിന്നെ ഞാന്‍ പ്ലസ്‌ വണ്ണിനു പോയി. അവള്‍ പത്തിലും. രണ്ടും ഒരേ സ്കൂളില്‍ തന്നെയായിരുന്നെങ്കിലും രണ്ടു സെക്ഷന്‍ ആയത് കൊണ്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായില്ല അത്രന്നെ.

അവളുടെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു അവള്‍ ചുമ്മാ കല്യാണവും അടിയന്തിരവുമൊക്കെ കൂടി തടി കൊഴുപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുവാ. (അവളുടെ തീറ്റ കണ്ടപ്പോള്‍ എനിക്ക് തോന്നിയതാ കേട്ടോ)

ഞാന്‍ നോക്കിയ ലാ സമയത്ത് തന്നെ ദെ, ലവളും എന്നെ നോക്കി, കണ്ണുകള്‍ തമ്മിലിടിച്ചു ആക്സിടന്റായി..
കണ്ണും കണ്ണും.. തമ്മില്‍ തമ്മില്‍..
കഥകള്‍ ഒന്നും കൈമാറാനുള്ള അവസരം അവള്‍ തന്നില്ല. പെട്ടെന്ന് തന്നെ അവള്‍ കണ്ണുകള്‍ മാറ്റി. എങ്കിലും ഇടയ്ക്കിടെ എന്റെ കണ്ണുകള്‍ കറങ്ങി കറങ്ങി അവളിലേക്ക്‌ തന്നെ എത്തുന്നുണ്ടായിരുന്നു, ഞാന്‍ അറിയാത്ത മട്ടില്‍ അവളും അത് അറിയുന്നുണ്ടായിരുന്നു. (നമ്മള്‍ ഇതൊക്കെ എത്രയോ കണ്ടതാ)
ഇവള്‍ എന്തായാലും ഇപ്പൊ കാണാന്‍ പഴയതിനെക്കാലും ഒരു ചന്തമൊക്കെയുണ്ട്
ചുമ്മാതെ ആണെങ്കിലും എന്റെ മനസ്സിലും പൊട്ടി രണ്ടു  ലഡു..
അപ്പൊ തന്നെ ഞാന്‍ പിന്നാലെ കൂടി, അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒരു കച്ചിതുരുമ്പിനു  വേണ്ടി നടക്കുവായിരുന്നു..
ബിരിയാണിയുടെ കൂടെ ഒരല്പം മസാല കൂടുതല്‍ വിളമ്പിയും അവളുടെയടുതെതിയപ്പോ അറിയാത്ത മട്ടില്‍ ഐസ്ക്രീം ഒരെണ്ണം അധികം സപ്ലേ ചെയ്തും അവളോടുള്ള എന്റെ അകമഴിഞ്ഞ സ്നേഹം ഞാന്‍ അവളെ അറിയിച്ചു.
 എന്ത് കാര്യം.. കിട്ടിയതാകട്ടെ എന്ന് കരുതി മുഴുവന്‍ തട്ടിയിട്ടു അവള്‍ അവളുടെ പാട്ടിനു പോയി, ഞാന്‍ ചില്ലറയും വാങ്ങി എന്റെ പാട്ടിനും...

അങ്ങനെ വെക്കേഷന്‍ ഒക്കെ കഴിഞ്ഞു നമുക്ക് പ്ലസ്‌ ടു ക്ലാസ്സുകള്‍ നേരത്തെ തന്നെ തുടങ്ങി.. അറുബോറന്‍ ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു. പണ്ടേ 'പഠനത്തോട് വലിയ താല്പര്യം' ആയിരുന്നത് കൊണ്ട് ഒന്നും അങ്ങോട്ട്‌ ശ്രദ്ധിച്ചുമില്ല തലയില്‍ കയറിയതുമില്ല.

സാധാരണയായി പ്ലസ് ടു ക്ലാസുകള്‍ നടക്കുന്ന സമയത്താണ്  പ്ലസ് വണ്ണിലേക്കുള്ള കുട്ടികളുടെ അഡ്മിഷന്‍ നടക്കാറുള്ളത്.

ക്ലാസ്സുകളിലെ ബോറിംഗ് കൂടിവന്ന സമയത്ത് തന്നെ പ്ലസ്‌ വണ്ണിനു അഡ്മിഷന്‍ തുടങ്ങി. നമ്മുടെ ജോലി ഇനി തുടങ്ങാന്‍ പോകുന്നെയുള്ളൂ ജൂനിയേര്‍സ്‌ കുറെ 'ചരക്കുകള്‍'  ഉണ്ടാകും
ജൂനിയെര്‍സിനെ കാണുവാന്‍ എല്ലാവനും കണ്ണില്‍ എണ്ണയൊഴിച്ചും പെട്രോള്‍ ഒഴിച്ചും  അതിനു പറ്റാത്തവര്‍ വെള്ളം ഒഴിച്ചും കാത്തിരിക്കുവായിരുന്നു. അവരെ താലോലിക്കുവാന്‍(റാഗിങ്ങ്) മനക്കണക്കുകള്‍ പലതും കൂട്ടി.

അഡ്മിഷന്‍ നടക്കുമ്പോ ഹാളിനുള്ളില്‍  പെണ്‍കുട്ടികളുടെ ഇടയില്‍ സീനിയെര്സ് വായിനോക്കികളെ കൊണ്ട് നിറഞ്ഞു. പുതിയ കുട്ടികളെ നമ്പര്‍ നോക്കി റെഡി ആക്കാനും ഫോം പൂരിപ്പിക്കാന്‍ ഹെല്പ് ചെയ്യാനും, സര്‍വോപരി സേവന സന്നദ്ധരായി ഒരു കൂട്ടം സീനിയേര്‍സ് ഓടി നടക്കുന്നു. ഇവന്മാരെല്ലാം പെണ്‍കുട്ടികളുടെ പിന്നാലെ മാത്രമേ ഉള്ളല്ലോ. അവിടെ തടി വടി പോലെ കുറെ പയ്യന്മാര്‍ മിഴുങ്ങസ്യാ നില്‍ക്കുന്നു. ഒരെന്നതിനെയും ആരും മൈന്റ് ചെയ്യുന്നില്ലാ. ഒഹ് അതിനിപ്പോ ആര്‍ക്കു വേണം ഇവന്മാരെ.

അഡ്മിഷന് വന്നവരില്‍ സൈസും ഫൈസും നോക്കി ഓരോരുത്തരെയായി  ഞങ്ങളുടെ സഹപാഠികള്‍ സെലക്ട്‌ ചെയ്യുന്നുണ്ട്.

'ഡാ ആ മഞ്ഞ ചുരിദാര്‍ അടിപോളിയാണല്ലോ.. ഒന്ന് നോക്കിയാലോ.'.
'നീ മഞ്ഞയെ നോക്കിക്കോ ദെ ആ ചുവപ്പും വെള്ളയും എങ്ങനെയുണ്ട്?'
"ആഹ.. അതിനെ നീയെടുതോ"
പേരറിയാന്‍ പറ്റാത്തതു കൊണ്ട് ഓരോരുത്തരുടെയും ഡ്രെസ്സ് നോക്കി സെലക്ട്‌ ചെയ്യാന്‍ തുടങ്ങി

സംഭവം കേമാമാകുമ്പോ ആ കൂട്ടത്തിനിടയില്‍ ഒരു പരിചയമുള്ള മുഖം...
ങേ..  ഇത് ലവളല്ലേ..  നമ്മുടെ പഴയ ആ കല്യാണ കക്ഷി.  ഇവള്‍ നമ്മുടെ ജൂനിയര്‍, ഹേ അല്ല...ല്ല(അങ്ങനെ എല്ലാവനും കൂടി എടുക്കണ്ട) എന്റെ ജൂനിയര്‍ ആയി വരാന്‍ പോണു...

ഹോ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..
അന്ന് പൊട്ടിയ ലടുകള്‍ വീണ്ടും വീണ്ടും പൊട്ടി. ദൈവമേ ഇതിപ്പോ ഷുഗറിന്റെ(പഞ്ചാരയടി)  അസുഖം തുടങ്ങുമല്ലോ..
ആ കല്യാണം കഴിഞ്ഞപ്പോ കീറിക്കളഞ്ഞ ലവ് ആപ്പ്ളിക്കേഷന്‍ ഒന്നുകൂടി എടുത്തു ഒട്ടിച്ചു വച്ചു..  ഇവളെ വളച്ചിട്ടു തന്നെ കാര്യം...
സംഗതി സന്തത സഹാചാരികളോട് പറഞ്ഞപ്പോ അവര്‍ക്കും സമ്മതം, ജീവന്‍ പോയാലും കൂടെ നില്‍ക്കാംഅത്രേ  (അല്ലെങ്കിലും ഒരുത്തനെ ഏടാകൂടത്തില്‍ കൊണ്ട് ചാടിക്കാന്‍ ഇവന്മാര്‍ മിടുക്കന്മാരാ). അപ്പൊ തന്നെ ഞാന്‍ അവളെ സെലക്ട്‌ ചെയ്തു മതിലിലോക്കെ രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യുന്ന പോലെ 'ബുക്ക്ട്‌' ബോര്‍ഡും തയ്യാറാക്കി.

അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെറിയ പേപ്പര്‍ പ്ലൈന്‍ പരിപാടിയും പേപ്പര്‍ ബോള്‍ പരിപാടിയുമൊക്കെ നടത്തി നോക്കി. ആരെടാ എറിയുന്നെ എന്ന മട്ടില്‍ പുറത്തേക്കു നോക്കിയെങ്കിലും അവിടെ ഇളിച്ചു കൊണ്ട് നിക്കുന്ന എന്നെ കണ്ടപ്പോ തല പെട്ടെന്ന് വെട്ടി തിരിച്ചു കളഞ്ഞു.  ഒഹ് ഒരു വകക്ക് കൊള്ളില്ലെന്കിലും അവളുടെ ഒരു പവര്‍ കണ്ടോ, ആരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോഴുണ്ടാകുന്ന ആ ഒരു തലക്കനമുണ്ടല്ലോ... അതന്നെ കാരണം..

പിറ്റേന്ന് തന്നെ പ്ലസ്‌ വണ്ണിനും ക്ലാസ്സ്‌ തുടങ്ങി. അങ്ങനെ നമ്മുടെ ടൈമും വന്നു. ഞങ്ങള്‍ സീനിയെര്സ് കളിച്ചു നടന്നു. പിള്ളാരെയൊക്കെ  ചുമ്മാ വട്ട് ചോദ്യങ്ങള്‍ ചോദിച്ചും ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തി പാട്ട് പാടിച്ചും തീപ്പെട്ടി കൊള്ളി കൊണ്ട് ക്ലാസ്സ്‌ റൂമിന്റെ വിസ്തീര്‍ണ്ണം അളന്നും, സീനിയെര്സ് ചെട്ടന്മാരോട് ഐ ലവ് യു പറയിച്ചും (അങ്ങനെയെങ്കിലും കൊതി തീരട്ടെ)  അര്‍മാദിച്ചു.
ആരും വിഷമിക്കരുത്, പെണ്‍കുട്ടികളോട് മാത്രമേ റാഗ്ഗിംഗ് ഉള്ളൂ കേട്ടോ
ഇതാണോ റാഗ്ഗിംഗ് എന്ന് ചോതിക്കുന്നവരോട് ഒരു വാക്ക്, റാഗ്ഗിംഗ് നടത്തിയാല്‍ ചവിട്ടി പുറത്തു കളയും എന്ന് പ്രിന്‍സി (പ്രിന്‍സിപ്പല്‍) കര്‍ശന നിര്‍ദേശം തന്നിരിക്കുവാ, അതിനിടയിലാ ഇതെല്ലം അവരുടെ കണ്ണ് വെട്ടിച്ചു ചെയ്യുന്നേ.

എന്റെ  കൊച്ചിന്റെ(അതെ ലവളു തന്നെ) ക്ലാസ് എത്തിയപോ അവളെ ആരും റാഗ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തന്നെ അവളോട്‌ മാന്യമായ രീതിയില്‍ പേരും നാളും മുതല്‍ കുടുംബ പുരാണത്തില്‍ എത്തി വല്ല തടിമിടുക്കുള്ള ചേട്ടന്മാര് വല്ലതും ഉണ്ടോ എന്ന് വരെ അന്വേഷിച്ചു (ഉണ്ടെങ്കില്‍ പിന്നെ വെറുതെ തടി കേടാക്കണ്ടല്ലോ) ഇത്രയൊക്കെ ചോദിച്ചിട്ടും കക്ഷി മസില് പിടിത്തം വിട്ടില്ല. ചില്ലറ നമ്പര്‍ ഒക്കെ ഇറക്കി നോക്കിയെങ്കിലും ഞാന്‍ ഇതെത്ര കണ്ടതാ എന്ന ഭാവമാ പെണ്ണിന്. അവള്‍ക്കു എന്റെ സ്വഭാവം നന്നായി അറിയാംന്നു തോന്നുന്നു, അല്ലെങ്കി പിന്നെ എന്താ ഇങ്ങനെ.

അവള്‍ മൈന്റു ചെയ്തില്ലെങ്കിലും വേണ്ടില്ല,  പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ വിശാലമനസ്കനായ ഞാന്‍ അന്നുമുതല്‍ അവളുടെ എസ്കോര്‍ട്ട് പണി ഏറ്റെടുത്തു, അതും ഒരു ശമ്പളവും ഇല്ലാതെ.
എന്തെ മനസ്സിലായില്ലേ??
ഇത്രേയുള്ളൂ.. ഇനി വേറെ വല്ലവനും വഴിയിലെങ്ങാനും കാത്തു നിന്ന് വല്ല ലവ് ലെറ്റര്‍ വല്ലതും കൊടുക്കുന്നുണ്ടോ എന്നറിയണമല്ലോ.
ചെരുപ്പുകള്‍ മാസാമാസം പുതിയത് വാങ്ങി തുടങ്ങി..
ക്ലാസുകള്‍ ഒരുപാട് കഴിഞ്ഞു പോയി
"ഒന്നുകില്‍ ഇഷ്ടമാണെന്ന് പറയണം. അല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് പറയണം" ഇവളിത് രണ്ടും പറയുന്നില്ല.
അതിനു ഞാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാലല്ലേ  അവള്‍ മറുപടി പറയൂ. കേള്‍ക്കേണ്ട താമസം ഇഷ്ടമല്ല എന്ന് തന്നെ അവള്‍ പറയും എന്നു നൂറ്റി ഒന്ന് ശതമാനം ഉറപ്പുള്ളതു കൊണ്ട് ആ ചോദ്യം ചോദിച്ചില്ല (അത്ര നല്ല സ്വഭാവമാ എന്റേത്)
 അവള്‍ക്കാണെങ്കില്‍ ചുമ്മാ ഒരു വളിച്ച ചിരിയും കൊഞ്ഞനം കുത്തലും മാത്രം(അത് ചീത്ത വിളിച്ചതാണെന്നാ സഹചാരികള്‍ പറഞ്ഞത്.. ച്ചുംമാതെയാ അവര്‍ക്ക് അസൂയയാ).
ഇതൊന്നും വേണ്ടാ, ചുമ്മാ പിന്നാലെ നടക്കണ്ടാ എന്ന് കരുതുമ്പോഴേക്കും ലവള്‍ ഒന്ന് ചെറുതായി പുഞ്ചിരി സമ്മാനിക്കും.. അപ്പൊ പിന്നെ വീണ്ടും നടന്നുകളയാം എന്നങ്ങു തീരുമാനിക്കും

അങ്ങനെ  ഒരു വര്ഷം അവളുടെ പിറകെ നടന്നു കളഞ്ഞു. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി മിക്കവാറും എന്നും ക്ലാസിനു പോകും. ഒന്നൂല്ലെങ്കിലും ചുമ്മാ അവളെ കാണാല്ലോ.
ഇതിനിടയില്‍ പല സൈഡ് 'ലൈനുകളും' വലിച്ചു.. അവയൊക്കെ അത് പോലെ തന്നെ കളയുകയും ചെയ്തു.
  ഒരു വര്ഷം കഴിഞ്ഞപ്പോ പ്ലസ്‌ ടു കഴിഞ്ഞത് കൊണ്ട് നമ്മളെ അവിടുന്ന് ചവിട്ടി പുറത്താക്കി അവര്‍ സീനിയെര്സ് കളിച്ചു...
ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് പിന്നെ പിന്നെ ഞാന്‍ ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല..
അവള്‍ പ്ലസ്‌ ടു കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ അവളെ വീട്ടുകാര്‍ ഏതോ ഒരു കോന്തന് പിടിച്ചു  കെട്ടിച്ചു കൊടുത്തു എന്നറിഞ്ഞു.  ഞാന്‍ കറക്കവും ഉറക്കവും പഠനവും പരിപാടികളുമായി ഇങ്ങനെ വേറെ വഴിക്കും നടന്നു...

അവളുടെ കല്യാണം കഴിഞ്ഞു ഒരു രണ്ടു മൂന്നു മാസം കഴിഞ്ഞു കാണും
ഞാന്‍ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ ചേട്ടന്റെ വീട്ടില്‍ പോയതായിരുന്നു. ലാ സമയത്ത് തന്ന എവിടുന്നോ പൊട്ടി മുളച്ച പോലെ ദേ അവളും അവിടെ വീട്ടിനകത്ത് നിന്നും പുറത്തേക്കു വരുന്നു,

ഇതിപ്പോ... ഇവള്‍....?? എങ്ങിനെ?? ഇവിടെ?!!
ഞാന്‍ ഇപ്പൊ എന്താ ചെയ്ക,
ചിരിക്കണോ..??
വേണ്ടേ.. ?
നോക്കണോ..?
എങ്ങിനെ മുഖത്ത് നോക്കും..??

ഞാന്‍ ആലോചിച്ചു കൊണ്ട് നില്‍ക്കെ അവള്‍ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു ആ ഒരു വര്ഷം എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുതിയതിനെക്കാള്‍ മനോഹരമായി. ഉഗ്രന്‍ ചിരി.. പല്ല് മുപ്പത്തിരണ്ടും.. ഹേയ്‌  അത്രയോന്നുമില്ല... മുന്നിലെ മൂന്നു നാല് പല്ലുകള്‍ മാത്രം കാണുന്ന രീതിയില്‍ ഉഗ്രന്‍ 'പുഞ്ചിരി'.

"പോടീ... മുന്‍പില്‍ നിന്നു ചിരിക്കാതെ.. മനുഷ്യനെ ഒരു കൊല്ലം മുഴുവന്‍ എസ്കോര്‍ട്ട് നടത്തിച്ചിട്ടു അവള് അവളുടെ പാട്ടിനു പോയി എന്നിട്ട് നിന്ന് കിണിക്കുന്നു" എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അവളുടെ ചിരികണ്ടാപ്പോ എനിക്ക് അതിനു തോന്നിയില്ല..

കാരണം അവള്‍ എന്നെ ആക്കി ചിരിച്ചതാണോ എന്നൊരു ചിന്ന ഡൌട്ട്.. ആണോ?? ഞാന്‍ ഒന്ന് കൂടി നോക്കി..
ഹേയ്.. അല്ല..
"....."
!!! ആണോ.. ???
അല്ല നിങ്ങള്‍ പറ അവള്‍ കളിയാക്കി ചിരിച്ചതാകുമോ..?!!!

എന്തും വരട്ടെ എന്ന് കരുതി  ഞാന്‍ ചോദിച്ചു  "എന്താ ഇവിടെ?"
"ദെ അതാ എന്റെ 'ഹസ്' ന്റെ വീട്" അയല്‍വക്കത്തെ ഒരു വീട് ചൂണ്ടിക്കാട്ടികൊണ്ട് അവള്‍ പറഞ്ഞു.
"ഒഹ്.. അതാണല്ലേ ആ കോന്തന്റെ വീട്" ചോദിക്കണമെന്ന് ഉണ്ടായിരുന്നു. വെറുതെ ഇപ്പൊ തടി കേടാക്കണോ എന്ന് ആലോചിച്ചപ്പോ ചോദിച്ചില്ല
എനിക്ക് ഒരു സ്ടാര്ട്ടിംഗ് ട്രബള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ.  പിന്നെ  കുറച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു...
ഇതെല്ലം കഴിഞ്ഞു വീണ്ടും ഒരു ചിരി സമ്മാനിച്ചു അവള്‍ അവളുടെ 'ഹസ്' ന്റെ വീട്ടിലേക്കു നടന്നു...

എന്റെ കുറെ ജോഡി ചെരുപ്പുകള്‍ തേഞ്ഞു തീര്‍ന്നത് മിച്ചം, അവള് ദെ ഇന്ന് സുഖമായി ജീവിക്കുന്നു...

അതെല്ലാം പോട്ടെ... എടീ ദുഷ്ടേ.. നീ ഇഷ്ടമാണെന്നോ പറഞ്ഞില്ല... കല്യാണത്തിനെന്കിലും വിളിക്കാമായിരുന്നു... ഒന്നൂല്ലെന്കിലും കുറെ ചെരുപ്പ് തേഞ്ഞു തീര്‍ന്നില്ലെടീ....

എന്ത് പറയാന്‍...

ഒരു ഉഗ്രന്‍ ബിരിയാണിയാ നഷ്ടപ്പെട്ടത് (മട്ടനായിരുന്നോ അതോ ചിക്കെന്‍ ആയിരുന്നോ എന്തോ...)






Thursday, July 19, 2012

പോലീസ്‌ സ്റേഷനിലെ ആദ്യ രാത്രി

പേര് കേട്ട് തെറ്റിദ്ധരിക്കരുത്. (ആദ്യ രാത്രിയും അടല്‍സ് ഒണ്‍ലി ഒന്നും അല്ല)
ഞാന്‍ ആദ്യമായി സ്റ്റേഷന്‍ കാണാന്‍ പോയ  സോറി സ്റെഷനിലെത്തിയ സംഭവമാണിത്..

എല്ലാ സ്ഥലത്തെയും പോലെ ഞങ്ങളുടെ നാട്ടിലെയും പയ്യന്‍സ് എന്നും ആഗോള അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്ച്ചചെയ്യുവാനായി വട്ടമേശ സമ്മേളനം നടത്താറുണ്ട്  
വട്ടത്തിലുള്ള മേശയും കസേരയും ഇല്ലെങ്കിലും നല്ല വിശാലമായ കടത്തിണ്ണയുണ്ട്  
മുന്നില്‍ കൂടി പതിനാറില്‍ നിന്നും വെങ്ങോടെക്ക് (ഇത് എന്റെ നാട്ടിലെ സ്ഥലങ്ങളുടെ പേരാ കേട്ടോ..) പോകുന്ന റോഡ്‌.  
പ്രധാന പയ്യന്സുകള്‍ പകലന്തിയോളം പണിയെടുത് (കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ക്ക്‌ എസ്കോര്‍ട്ട് പോകുന്നതും പണിയാണല്ലോ) വൈകുന്നേരങ്ങളില്‍ സമ്മേളന നഗരി(കടത്തിണ്ണ)യില്‍ എത്താറുണ്ട് ഒരുപാടു യോഗ്യതാ ടെസ്റ്റുകള്‍ നടത്തിയാണ് ഇവിടെ ഇവിടെ പ്രവേശനം നടത്തുന്നത്, അത് നമുക്ക് പിന്നെ പറയാം..

എന്തായാലും ഞാന്‍ അവിടെ യോഗ്യത നേടിയ ടൈം.  
ഇങ്ങു താഴെ പഞ്ചായത്ത് ഭരണം മുതല്‍ അങ്ങ് യു എന്നിലെ സെക്രടറി സ്ഥാനം വരെ ഈ കടത്തിണ്ണ യില്‍ ഇരുന്നാണ് സോറി, ഓഫീസില്‍ ഇരുന്നു ഞങ്ങളാണ് തീരുമാനിക്കുന്നത്..

ഇത്രക്കും വലിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നത് കൊണ്ടാകാം, സ്ഥലത്തെ പോലീസുകാര്‍ക്ക്‌ നമ്മോട് ഒരല്പം ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയത്. ഞങ്ങളെ നോക്കാന്‍ ഒരു നാണം. അതുകൊണ്ട് അവര്‍ സാധാരണ നൈറ്റ്‌ പട്രോളിങ്ങിനു പോണ സമയം ഞങ്ങളെയൊന്നും "ഇവിടെ കാണരുതെന്നും മര്യാദക്ക് വീട്ടില്‍ പോകണ"മെന്നും അവര്‍ താഴ്മയായി അപേക്ഷിച്ചിട്ടുണ്ട്..

ഇന്നത്തെ പോലെ ജനകീയ പോലീസ്‌ അല്ലായിരുന്നു അന്ന്. ആരെ ഇടിക്കണം, ആരെ കിട്ടിയാല്‍ കൈ തരിപ്പ് തീര്‍ക്കണം എന്ന് നോക്കി നടക്കുന്നവരായിരുന്നു അധികവും, പോലീസ്‌ പിടിച്ചാല്‍ ജീവിതം തീര്‍ന്നു എന്ന് നാട്ടുകാര് മൊത്തം വിചാരിച്ചിരുന്ന കാലം (ഇതെന്താ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള കഥയാണോന്നു ചോതിച്ചാല്‍.. ആ അങ്ങനെ കരുതിക്കോ..പക്ഷെ ഇന്ത്യക്കല്ല എനിക്ക് വീട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള കഥയാ)  

ഓ.. ഇനി അവര്‍ക്ക്‌ പോകാന്‍ നമ്മളായി ബുധിമുട്ടുണ്ടാക്കേണ്ട എന്ന് നമ്മളും കരുതി..
ദൂരെ നിന്നെ പോലീസ്‌ ജീപ് വരുമ്പോള്‍ നമ്മള്‍ സ്കൂട്ടാവാന്‍ തുടങ്ങി..
അവര്പോയിക്കഴിഞ്ഞു വീണ്ടും സമ്മേളനം പുരോഗമിക്കാറുമുണ്ട്..

അങ്ങനെ ഒരു ദിവസം ഞാനുള്‍പെടുന്ന എക്സികുടിവ്‌ യോഗം നടക്കുന്ന രാത്രി,
 നമ്മുടെ ചര്‍ച്ച അങ്ങ് അന്താരാഷ്ട്ര മാര്‍കെറ്റില്‍ രൂപയുടെ മൂല്യം ഇടിയുന്നതിനെതിരെയുംനമ്മുടെ ആന്റണിചായനെ കേന്ദ്ര മന്ത്രി ആക്കുന്നതിനെയും ഒക്കെ ചുറ്റിപ്പറ്റി പുരോഗമിച്ചു കൊണ്ടിരുന്നപ്പോ അതാ മുന്നില്‍ ഒരു പോലീസ്‌ ജീപ്പ്. ശെടാ.. നമ്മുടെ ചര്‍ച്ചക്ക് പോലീസ്‌ അകമ്പടിയും ഉണ്ടോ?? പെട്ടെന്ന് ചിന്തിച്ചത്‌ അതായിപ്പോയി.

ഹെന്റമ്മോ... പോലീസ്‌..
എസ്കേപ് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ..

തൊട്ടു മുന്നില്‍  നമ്മുടെ സാറന്മാര്‍ ജീപ്പില്‍ നിന്ന് പുറത്തിറങ്ങുകയും "കയറെടാ എല്ലാവനും ജീപ്പിലേക്ക്" എന്ന് തൊണ്ട പൊട്ടിച്ചു അപേക്ഷിക്ക്കുകയും ചെയ്തു. കേട്ട പാതി കേള്‍ക്കാത്ത പാതിവശങ്ങളിലൂടെ രണ്ടുമൂന്നെണ്ണം എങ്ങിനെയോ സ്കൂട്ടായി..
ദൈവമേ ചതിച്ചോ?.. ഇവന്മാര്‍ വരുന്നത് കണ്ടില്ലല്ലോ ഇനിഇപ്പോ സ്കൂട്ട് ആകാനുള്ള സാഹചര്യവുമില്ല
ഒരു നിമിഷം കൊണ്ട എന്റെ മനസ്സില്‍ പത്രങ്ങളിലും ടീവി യിലുമൊക്കെ വരുന്ന പോലീസ്‌ അനുഭവങ്ങള്‍ തീയേറ്ററിലെ സ്ക്രീനില്‍ കാണുന്ന പോലെ  ത്രീD വിത്ത് DTS  ആയി ഓടി..
ഉലക്ക കൊണ്ട് ഉരുട്ടുന്നതും, നഖതിനിടയില്‍ സൂചി കയറ്റുന്നതും, ഈര്‍ക്കില്‍ പരിപാടിയും, മുളക് കണ്ണില്‍ തെക്കുന്നതുമൊക്കെ എന്ത് രസമായിരിക്കും ഹെന്റമ്മോ...

പോലീസിനെ കണ്ടു ആസനം ഉറച്ചു പോയോ എന്നൊരു സംശയം ഇല്ലതെയില്ല, ഇതിപ്പോ ഞാന്‍ രാജകീയമായി ഇരുന്ന സ്ഥലത്തുനിന്നും അനങ്ങാന്‍ വയ്യാതെ ഇരിക്കുകയാ. അവന്മാര്‍ കൊണ്ട് മുന്നില്‍ നിര്‍ത്തിയപ്പോ സ്ടക്ക് ആയിപ്പോയതാകാം..
എഴുന്നേറ്റു ഓടാനുള്ള ശ്രമം മനസ്സ് കൊണ്ട് നടത്തിയെങ്കിലും ആ "കേറെടാ" ഓര്‍ഡര്‍ ചെയ്ത സാറിന്റെ അരയില്‍ തൂങ്ങണ തോക്ക് കണ്ടപ്പോ പല സിനിമാ രംഗങ്ങളും മനസ്സില്‍ ഓടിയെത്തി..
വേണ്ടാ... ഇടി കൊണ്ടാലും വേണ്ടില്ല  വെടി കൊള്ളില്ലല്ലോ..

ഞാന്‍ ഒറ്റയ്ക്കാണോ എന്നറിയാന്‍ തല ബുദ്ധിമുട്ടി ഒന്ന് തിരിച്ചു നോക്കി.. ഹോ ഭാഗ്യം.. ഞാന്‍ ഒറ്റക്കല്ല മീറ്റിംഗ് അംഗങ്ങള്‍ അഞ്ചുപേര്‍ വേറെയും ഉണ്ട്. കേറെടാ ഓര്‍ഡര്‍ ചെയ്തപ്പോ തന്നെ അവന്മാര്‍ കേറാന്‍ റെഡി ആയി നിക്കുന്നു.. സ്ടക്ക് ആയിപ്പോയ ആസനം ഇളക്കി ഞാനും അവന്മാരോടൊപ്പം കേറാന്‍ നിന്നു അല്ലാതെ എന്ത് ചെയ്യാന്‍..
 ഇനി ഇപ്പൊ സാറന്മാര്‍ സ്റേഷനില്‍ കൊണ്ടുപോയാല്‍...... ഹമ്മോ...
ഞാന്‍ എന്റെ സഹ പ്രതികളെ നോക്കിയപ്പോ ഞാന്‍ പേടിച്ചത് പോലെ അവന്മാരുടെ മുഖത്തു പേടിയുടെ ഒരു ലക്ഷണവും ഇല്ല 

"ആ കയറ് കയറ് നിന്നോടോന്നും സമയത്ത് വീട്ടില്‍ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ"  

നമ്മളോടുള്ള ബഹുമാനം കൊണ്ടാകും അകത്തിരുന്ന ഒരു കൊന്‍സ്ടബിള്‍ നമുക്ക് കയറാനായി ജീപിനു പിന്നിലെ ഡോര്‍ തുറന്നു പിടിച്ചു.. (ഹോ.. എനിക്ക് വയ്യ..)

എസ്സൈ താറാവിന്‍ കൂട്ടത്തെ നിയന്ത്രിക്കും പോലെ ലാത്തി കൊണ്ട് നമ്മെ നിയന്ത്രിച്ചു അകത്തു കയറ്റാന്‍ നോക്കുവാ.
അങ്ങേരു പറയുന്നതിനിടയ്ക്ക് ഒരുത്തന്‍ സീറ്റിലേക്ക് ചാടിക്കയറി. "അളിയാ വാ അളിയാ ഇവിടെ ഇരിക്കാം" എന്ന് പറയുന്നതോടൊപ്പം തന്നെ അവിടെ ഇരുന്ന  കൊന്‍സ്ടബിലിനെ ഹൗസിംഗ് കൊണ്ട് ഒരു തള്ളല്‍ കൊടുത്തു. അങ്ങേരു പോയി ഡ്രൈവര്‍ സീറ്റിന്റെ പിന്നില്‍ ഇടിച്ചു നിന്നു (അതെന്തായാലും നന്നായി) ആ പോലീസുകാരന്‍ പാവമാനെന്നു തോന്നുന്നു.. അല്ലെങ്കില്‍ ഇവനെ ചവിട്ടിക്കൂട്ടി അവിടെ ഇട്ടേനെ 

ഈ ഈര്‍ക്കില്‍ കയട്ടുന്നതൊക്കെ നല്ല രസമുള്ള കാര്യമായത് കൊണ്ടാവും ഇവന് ഇത്ര ധൈര്യം ഇത്ര കൂള്‍,  
പോലീസ്‌ ജീപ്പില്‍ ഓവര്‍ലോടിനു പെറ്റി ഇല്ലാത്തതു നന്നായി, അല്ലെങ്കില്‍ നാല് പേര്‍ക്കിരിക്കാവുന്ന ജീപിന്റെ ബാക്ക ഏരിയയില്‍ ഞങ്ങള്‍ ആറും ഒരു കൊന്‍സ്ടബിലും കൂടി  ഏഴു പേരെ അങ്ങേരു കയറ്റില്ലല്ലോ

എന്തായാലും ജീവിതത്തില്‍ ആദ്യ സംഭവമായത് കൊണ്ടാവും ഈ പേടിയൊക്കെ, ഇതിപ്പോ നാട്ടുകാര്‍ മുഴുവനും അറിയും അയ്യേ നാണക്കേട് തന്നെ, അല്ലെങ്കില്‍ തന്നെ നാട്ടില്‍ നല്ല പേരാ (കറാംകുട്ടികള്‍ എന്നാ അവര് ഞങ്ങളെ സ്നേഹത്തോടെ വിളിക്കുന്നെ)

പോലീസ്‌ ജീപ്പിനകത്ത്, ഞങ്ങളെ അപ് ലോഡ്‌ ചെയ്തതും ജീപ്പ് നേരെ സ്റെഷനിലേക്ക് വിട്ടു രാജകീയ യാത്രയില്‍ ചെറിയ ഒരു റിക്വസ്റ്റ് കൊടുക്കനോന്നും പേടി തോന്നിയില്ല...
"സാറേ ഞങ്ങള്‍ ഇനി അവിടെ ഇരിക്കില്ല സാറേ.. ഞങ്ങള്‍ വീട്ടില്‍ പോയ്ക്കോളാം സാറേ.. ഇവിടെ അങ്ങ് ഇറക്കി വിട്ടാല്‍ മതി സാറേ" (അന്നേരം എന്തൊരു ഭയഭക്തി ബഹുമാനതോടെയനെന്നോ ഞങ്ങള്‍ പറഞ്ഞത്‌...)
അതിനെ സ്റ്റോപ്പ്‌ ചെയ്യിച്ചു കൊണ്ട് അങ്ങേരുടെ 'മിണ്ടാതിരിക്കിനെടാ അവിടെ.." ഓര്‍ഡര്‍ വന്നതോടെ തീര്‍ന്നു...
 (ഇതിനിടയില്‍ ഞാന്‍ കുറച്ചു ഫൌള്‍ കളിച്ചെന്നു സഹ പ്രതികള്‍‍..
എല്ലാവനും ഇരിക്കുമ്പോ "സാറേ സാറേ ഞാന്‍ ഇപ്പൊ അവിടെ വന്നിരുന്നതാ സാറേ, ഞാന്‍ ആദ്യമായാ സാറേ അവിടെ ഇരിക്കുന്നത്. എന്നെ 'മാത്രം' അങ്ങ് വിട് സാറേ,, ഞാന്‍ അങ്ങ് പോയ്ക്കോളാം സാറേ..
"ച്ചുംമാതെയാ..".
"ഞാന്‍ അങ്ങനെ ചെയ്യുമോ"
നമ്മള്‍ ആറു പേരുള്ളപ്പോള്‍ എന്നെ 'മാത്രം' അങ്ങ് വിടാന്‍ ഞാന്‍ പറയുമോ.
"ഹേയ് ഞാന്‍ അങ്ങനെ പറയില്ല".
എന്റെ സാര്‍ വിളി സഹിക്കതെയാണ്  അങ്ങേരു 'മിണ്ടാതിരി' ഓര്‍ഡര്‍ ചെയ്തതെന്ന് ലവന്മാര്‍)

എന്തായാലും ജീപ്പ് നേരെ സ്റേഷന്റെ മുന്നില്‍ ഞങ്ങളെ ടൌണ്‍ലോട് ചെയ്തു സ്റേഷന്റെ ഉള്ളിലേക്ക് ആനയിച്ചു..

അങ്ങനെയതാ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പോലീസ്‌ സ്റെഷനകത്തേക്ക്

"ആ വരീം വരീം… "
നടയടി പ്രതീക്ഷിച്ച് സ്റേഷന്റെ പടിയിലേക്ക് കാലെടുത്തു വച്ചതും അകത്തു നിന്നും വെല്‍കം കേട്ടതാ.. 

പൂച്ചയുടെ മുന്നില്‍ പെട്ട എലിയെപ്പോലെ നിക്കുന്ന നമ്മളെ നോക്കി ഒരു കൊമ്പന്‍ മീശക്കാരന്റെ ചോദ്യം "എവിടന്നാ സാറേ ഇവന്മാരെ കിട്ടിയത്‌"

"ഇവന്മാര് രാത്രിയായാല്‍ വീട്ടില്‍ പോകില്ല അവിടെ കുത്തിയിരിപ്പാ പണി. ഇന്ന് ഇവന്മാര്‍ ഇവിടെ ഇരിക്കട്ടെ"

"അളിയോ സെല്ല് കാലിയാ, ഇന്നത്തെ ഉറക്കം ഇതില്‍ തന്നെയാ."..(കൂട്ട് പ്രതിയുടെ അടക്കം പറച്ചില്‍)

"എപ്പോഴാണാവോ ഈ ഉലക്കയും മുളക് പൊടിയുമൊക്കെ വരുന്നത്" മനസ്സില്‍ പേടികൊണ്ട് കൂടെയുല്ലവന്മാരോട് ചോതിക്കാന്‍ പോലും പറ്റുന്നില്ല

"അവിടെ ഇരുന്ന പോലെ അങ്ങോട്ട്‌ പോയി ആ സോഫയില്‍ ഇരിക്കിനെടാ" എസ്സൈ ഓര്‍ഡര്‍ ചെയ്തു
ദൈവമേ തീര്‍ന്നു അങ്ങേരു ചൂണ്ടിക്കാണിച്ച സ്ഥലത്ത് സോഫ പോയിട്ട് ഒരു സ്ടൂള് പോലും ഇല്ലായിരുന്നു...
അതെ.. അത് തന്നെ അങ്ങേരു പറഞ്ഞത്‌ "സങ്കല്‍പ സോഫാസനം"

"അളിയാ നമുക്ക്‌ ഇറങ്ങി ഓടിയാലോ??" സഹ-പ്രതിയുടെ ഒടുക്കത്തെ ഒരു ബുദ്ധി,
ജീപ്പ് കൊണ്ട് നിര്‍ത്തിയപ്പോ തോന്നാതിരുന്നത് ഇപ്പൊ തോന്നിയിട്ടെന്തു കാര്യം..

ഏതൊക്കെയോ പുതിയ സാറന്മാര് കൂടി ഇപ്പൊ രംഗത്ത് വന്നു. എല്ലാവനും ഇരയെ കിട്ടിയ സന്തോഷത്തിലാ... (എലിക്കു പ്രാണ വേദന പൂച്ചക്ക് വീണ വായന)

"ആ ആ എല്ലാരും ഇരുന്നേ, ഇരുന്നേ" മറ്റൊരു സാറിന്റെ ഓര്‍ഡര്‍.
ഇനി ഈ ഇരിക്കുന്ന ഇരിപ്പില്‍ ആസനതിനു വല്ലതും തോന്നുമോ ആവോ എന്നാല്‍ സ്റേഷന്‍ ആകെ വൃത്തികേടാകും, ഒരു സ്റേഷന്‍ ക്ലീന്‍ ചെയ്യാനുള്ള അവസരം ഉണ്ടാകുമോ ആവൊ..
രണ്ടും കല്പിച് സന്കല്പ സിംഹാസനത്തില്‍ ആറെണ്ണം ഇരുന്നു...
ഭാഗ്യം ഇതുവരെ ആസനതിനു ഒന്നും തോന്നിയില്ല, കാല്‍ മുഴുവനും വേദനിക്കുന്നുണ്ട് 
കണ്ടു രസിക്കാന്‍ കുറെ സാറന്മാരും ദുഷ്ടന്മാര്‍.

എന്തായാലും കൂടുതല്‍ നേരം ഇരിക്കേണ്ടി വന്നില്ല അതിനു മുന്‍പേ തന്നെ നമ്മുടെ കൂടെ ഇരുന്നിട്റ്റ്‌ സ്കൂട്ടയാവന്മാരുടെ കുറെ തലകള്‍ പുറത്തു കണ്ടു..

അവരുടെ പിന്നിലായി വേറെയും തലകള്‍, നമ്മള്‍ സ്റേഷനില്‍ കിടക്കുന്നത് കണ്ടു രസിക്കാന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതവരെക്കൂടി കൊണ്ട് വന്നിരിക്കുന്നു ദുഷ്ടന്മാര്‍.

എന്തായാലും അവരെ കണ്ടതോടെ ഞങ്ങളുടെ ഇരിപ്പിടം നിവര്‍ത്തി ഞങ്ങള്‍ എഴുന്നേറ്റു.
എന്താ ഒരു ആശ്വാസം എഴുന്നേറ്റപ്പോ..

അവര്‍ നേരെ തലമൂത്ത സാറിനെ കണ്ടതോടെ അങ്ങേരുടെ മനസ്സ്‌ അലിഞ്ഞു.
ഇനി വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സമ്മേളനം കൂടരുത്‌ എന്നും കൂടിയാല്‍ ഇനി സെല്ലിന്റെ ഉള്ളില്‍ ശവാസനം നടത്തേണ്ടി വരും എന്നാ ഭീഷണി സൌജന്യമായി തന്നു ഞങ്ങളെ പോകാന്‍ അനുവദിച്ചു, 

രക്ഷപ്പെട്ടു..
ആരെടാ പറഞ്ഞത്‌ പോലീസ്‌ സ്റേഷനില്‍ ചെന്നാല്‍ ഇടിക്കും ഉരുട്ടുമെന്നൊക്കെ, ഈ സിനിമ കണ്ടത് കൊണ്ടാണ് ഇങ്ങനെ പേടിച്ചതെന്നു തോന്നുന്നു..
നിര്‍ത്തി.. എല്ലാം നിര്‍ത്തി. പോലീസ്‌ പടങ്ങള്‍ കാണുന്നത് നിര്‍ത്തി എന്നല്ല.  പോലീസിനെ കാണുമ്പോ ഓടുന്ന പരിപാടി നിര്‍ത്തി.. ഹല്ലാ പിന്നെ. ഇത്രേയുള്ളൂ പോലീസ്‌ സ്റേഷന്‍.


ഒരു വന്‍ ജനാവലി തന്നെ ഞങ്ങളെ സ്റേഷനില്‍ നിന്നും ഇറക്കാന്‍ ഉണ്ടായിരുന്നുവെന്ന് പുറത്തിറങ്ങിയ ശേഷമാ മനസ്സിലായത്‌.
ഞങ്ങള്‍ പ്രതികളും സ്കൂട്ട് പ്രതികളും പ്രേക്ഷകരുമായി എന്തായാലും ഒരു ജാഥക്കുള്ള ആളുകള്‍ വണ്ടി പിടിച്ചു സമ്മേളന നഗരിയിലെതിയപ്പോ (ഞങ്ങളുടെ സ്വന്തം കടത്തിണ്ണ) അവിടെ അതിലും വലിയ ജനാവലിയാണ് ഞങ്ങളെ വരവേറ്റത്‌.
ഉദ്ദേശം മറ്റൊന്നുമല്ലായിരുന്നു.
എവിടെയൊക്കെ ഒടിവും ചതവും കിട്ടിയെന്നും ഇടികൊണ്ട് ആരെങ്കിലും ആശുപത്രിയില്‍ ആയോ എന്നറിയാനുമായിരുന്നു.

എന്തൊരു സ്നേഹമുള്ള നാട്ടുകാര്‍..

Tuesday, July 17, 2012

മലയാളം ബ്ലോഗേര്‍സ് ഗ്രൂപിനു വേണ്ടി..

എനിക്ക് വയ്യ...
ഞാനൊരു സംഭവം തന്നെ.. (അല്ലെ??)

എന്നില്‍ അഹങ്കാരം ഒരല്പം കൂടിയോ എന്ന് സംശയം ഇല്ലാതില്ല...
ഇല്ലെന്നല്ല, ഉണ്ട്..
അബ്സര്‍ ഇക്ക  എന്നെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചേര്‍ത്തപ്പോ സത്യം പറഞ്ഞാ, ഒരല്പം അഭിമാനവും അഹങ്കാരവും ഒന്നിച്ചു തോന്നി..
കലയില്ലാത്ത, കലാകാരനല്ലാത്ത, എഴുതാനറിയാത്ത ആകെ അവിടന്നും ഇവിടന്നും പെറുക്കിക്കൂട്ടി രണ്ടു മൂന്നു പോസ്റ്റുകള്‍ ചേര്‍ത്ത ബ്ലോഗ്‌ ഉണ്ടാക്കിയ ഞാന്‍  ബൂലോക  ബ്ലോഗു വാഴും പുലികളുടെ മടയില്‍ ഒന്ന് റിക്വസ്റ്റ് കൊടുത്തു നോക്കി...  
 അപ്പൊ നമ്മുടെ അബ്സര്‍ ഇക്കാടെ ഗൌരവകരമായ ഒരു മറുപടി.. "ഇത് മലയാളം ബ്ലോഗേര്സിനു മാത്രമുള്ള ഗ്രൂപാണ്.. നിങ്ങള്ക്ക് ബ്ലോഗ്‌ ഉണ്ടെങ്കി താഴെ കാണുന്ന സാധനം എടുത്ത് ബ്ലോഗില്‍ ഇട്ടിട്ട് (മറ്റേ ലോഗോ) നിങ്ങടെ ബ്ലോഗിന്റെ ലിങ്ക് ഇങ്ങോട്ട അയയ്ക്കു, ഇവിടെ കാരണവന്മാര്‍ പഠിച്ചിട്ട് സൌകര്യമുണ്ടെങ്കില്‍ ചേര്‍ക്കാം"

സത്യം പറഞ്ഞാ ഇനി ഇപ്പൊ എന്ത് ചെയ്യണമെന്നു ആലോചിച്ചു.. വേണ്ടാരുന്നു എന്ന് തോന്നിയെങ്കിലും  എന്തും വരട്ടെന്നു കരുതി ഞാന്‍ "അങ്ങേരു" (നമ്മുടെ അബ്സര്‍ ഇക്ക) പറഞ്ഞ പോലെ ചെയ്തു..
നിമിഷങ്ങള്‍ക്കകം ദെ ഞാന്‍ പാസ്‌. (എന്ത് കണ്ടിട്ടാണ് ഇക്ക എന്നെ അംഗമാക്കിയതെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.. ഇത് കണ്ടിട്ട് റിമൂവ് ചെയ്യുമോ ആവോ??)  

അപ്പൊ എനിക്ക് തന്നെ തോന്നി ഞാനും ഒരു പുലി തന്നെ.. (ച്ചുംമാതെയാ കേട്ടോ)  
എന്തായാലും എന്നെ "ആടിയ" അബ്സ്ര്‍ ഇക്കക്ക് എന്റെ പെരുത്ത്‌ നന്ദി..
ഇനി മുതല്‍ അങ്ങോട്ട് ഒരു ഫുള്‍ ടൈം ബ്ലോഗര്‍ ആയാലോ എന്നാ ആലോചനയുണ്ട്. പക്ഷെ വീട്ടില്‍ കഞ്ഞി കുടി മുട്ടും (അതൊന്നുമല്ല ഇവിടെ സമ്പാദിക്കുന്ന തിരക്കിലാ) എന്നുള്ളതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ ഇവിടുണ്ടാകും എന്ന ഉറപ്പു തരുന്നു... (അവസാനം ശല്യം കൊണ്ട് പുറത്തു കളയാതിരുന്നാല്‍ മതിയായിരുന്നു)  

Sunday, June 24, 2012

കപ്പക്കുല ഓപറേഷന്‍.

ഇതില്‍ പറഞ്ഞിരിക്കുന്ന സംഭവം എന്റെ കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും സ്വന്തം അനുഭവമായി തോന്നിയാല്‍ സംശയിക്കേണ്ട. അതെ അത് നിങ്ങളെക്കുറിച്ച് തന്നെയാ.. നാളെയും എനിക്ക് നിങ്ങലോടോത്തു നടക്കണം എന്നുള്ളതിനാലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കൂട്ടാനോ കുറയ്ക്കാനോ താല്പര്യമില്ലാതതിനാലും എന്തായാലും ഞാന്‍ നിങ്ങടെ  ഒറിജിനല്‍ പേര് വച്ചിട്ടില്ല..

 സംഭവം നടക്കുന്നത് കൊറേ കൊല്ലം മുന്പാ എന്നച് അങ്ങനെ വലിയ കൊല്ലോന്നും ആയില്ല ഒരു എട്ടു ഒന്‍പതു.. അത്രന്നെ... എന്താ അത് പോരെന്നുണ്ടോ.. ഇല്ലെങ്കില്‍ ഒരു രണ്ടു കൊല്ലം നിങ്ങടെ വകയായി കൂട്ടിക്കോ.  

ടീം അംഗങ്ങള്‍ മൂന്നു പേര്‍,
‍എല്ലാരും അല്ലറ ചില്ലറ നാട് തെണ്ടലും തല്ലിപ്പൊളിയും ഫാനിന്റെ പരിപാടിയും (കറക്കം) ഒക്കെ ആയിട്ടങ്ങനെ നടക്കുന്ന കാലം..
നാട്ടുകാരുടെ "കണ്ണില്‍ ഉണ്ണികളും" "പരോപകാരി" (?!!!! പിന്നേയ്...) കളും ആയതിനാല്‍ നാട്ടുകാര്‍ അരുമയോടെ കായും പൂവും ചേര്‍ത്തും വീണ്ടും സ്നേഹം കൂടുമ്പോള്‍ കൊടുങ്ങലൂര്‍ ഭാഷയും പ്രയോഗിക്കാറുണ്ട്
അങ്ങനെയിരിക്കെ സംഘത്തില്‍ ഒരുവന്‍ ഒരു ദിവസം ഒരു വമ്പന്‍ കണ്ടു പിടുത്തം നടത്തി...
ദാമോദരന്‍ മാഷിന്റെ വീടിനു പിന്നിലുള്ള പറമ്പില്‍ ഒരു കപ്പവാഴക്കുല പാകമായി നിക്കുന്നു. 
ഇവന്‍ നോക്കിയപ്പോ നമ്മുടെ കപ്പ വാഴയുടെ ചെമന്നു തുടുത്ത 'മോള്' നമ്മുടെ ലവനെ നോക്കി ചിരിച്ചത്രേ..
ലവനാണെങ്കി തിരിച്ചു ചിരിച്ചു പോലും..
ദാ കെടക്കണ്, ലപ്പം മുതല്‍ ലവന് വഴക്കുലയോട് വല്ലാത്ത പ്രേമമായി പോയെന്നു... 

എന്തായാലും എവന്‍ ചുമ്മാ ഇരുന്നില്ല ബാക്കി രണ്ടുപേരോടും ഭംഗിയായി പൊടിപ്പും തൊങ്ങലും പിന്നെ മറ്റെന്തൊക്കെയോ കൊറേം കൂടി ചേര്‍ത്തങ്ങു വിശദീകരിച്ചു...
കേട്ട പാതി കേക്കാത്ത പാതി എല്ലാരുടെയും മനസ്സില്‍ പൂത്തിരിയും അമിട്ടും എല്ലാം ഒന്നിച്ചു കത്തി....

ഒരുമിച്ചുള്ള സഹവാസം മൂലം എല്ലാത്തിന്റെയും ബുദ്ധിയും ചിന്തയും എല്ലാം ഒരു പോലെയയതോണ്ട് എല്ലാ തലകളിലെയും ചിന്ത പോയത് നമ്മുടെ നാഷണല്‍ ഹൈവേ ബൈപാസ്സ് വഴി തന്നെ തന്നെ.. ഏത്.. "അടിച്ചു മാറ്റല്"('അന്ന്ന്ന്ങ്ങനെ പറയരുത്... തിന്നാന്‍ വേണ്ടി പുള്ളി കാണാതെ എടുക്കുന്നതല്ലേ... ') 

കപ്പപ്പഴം കാണുന്നത് തന്നെ വാസുവണ്ണന്റെ കടയില്‍ വില്‍ക്കാനായി തൂക്കിയിട്ടിരിക്കുന്നതാ. അവിടെ പഴം വാങ്ങണമെങ്കില് കപ്പ  ‍    പഴത്തിനു കിലോക്ക് മുപ്പത്തഞ്ചു രൂപ കൊടുക്കണം, അതോ വലിയ സാറന്മാര് മാത്രമേ മേടിക്കൂ... നമ്മളെങ്ങാനും അതില്‍ നോക്കിയാല്‍ നോക്കുകൂലി കൊടുക്കേണ്ടി വരും എന്ന ഭാവമാ ഈ വാസുവിന്. പ്രദേശത്തെ ചായക്കട കം ബേക്കറി ആന്‍ഡ്‌ ഫ്രൂട്സ് കട അങ്ങേര്‍ക്ക്‌ മാത്രമേയുള്ളൂ അതിന്റെ അഹങ്കാരാ.....

സാറിന്റെ പറമ്പില്‍ നിന്നും അടിച്ചു മാറ്റിയാല്‍...
ഹോ എന്റെ ദൈവമേ.. പഴം തിന്നു നമ്മളിപ്പോ ചാകും,
എല്ലാത്തിന്റെയും നാവില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളമൊന്നും നിറഞ്ഞില്ലെങ്കിലും മിനിമം ഒരു ബോട്ടെങ്കിലും ഓടിക്കാംഎന്നായി... (ഓടിക്കാമോ??  ഇല്ലെങ്കി നമുക്ക് പേപ്പര്‍ ബോട്ട് ഉണ്ടാക്കി ഓടിക്കാം)

കപ്പപഴമായി പിന്നെ സ്വപ്നം..
പ്ലാനിംഗ് തകൃതിയായി നടന്നു...

രണ്ടീസതിനകം കൊല പഴുക്കുമെന്നു ദ്രിസാക്ഷി (ഞമ്മടെ കാമുകന്‍..)  വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ "ഓപറേഷന്‍ കപ്പക്കുല" നടത്തണമെന്ന് യോഗം ഐക്യഖണ്ടെന അഭിപ്രായപ്പെട്ടു.. 

കുല അടിച്ചു മാറ്റണം, പഴുക്കുന്നതു വരെ ഒളിപ്പിക്കണം, ഒരാഴ്ച കുശാലായി തിന്നണം, തുടങ്ങി പഴം തിന്നു പഴത്തൊലി അയല്‍വക്കത്തെ ആട്ടിന്‍ കുട്ടിക്ക് കൊടുത്ത് അത് വളര്‍ന്നു വലുതായി അതിനെ അടിച്ചു മാറ്റി മട്ടന്‍ ബിരിയാണി വക്കുന്നത് വരെ പ്ലാന്‍ ചെയ്തു.
 
എല്ലാ സെറ്റപ്പും റെഡി ആക്കി രാത്രിയാകാന്‍ കാത്തിരുന്നു. മോഷണത്തിന് പറ്റിയ സമയം രാത്രിയാണല്ലോ (പകല് ചെന്നാല്‍ ജീവനോടെ തിരിച്ചു പോരില്ല എന്ന ഉറപ്പുള്ളത് കൊണ്ട് പരിപാടി രാത്രിയാക്കിയതാ...)

"പാതിരാത്രി" ഒരു പത്തു പത്തര ആയിക്കാണും (കൊല മോഷ്ടിക്കാന്‍ പ്ലാന്‍ പ്ലാന്‍ ചെയ്തു കാത്തിരുന്നത് നോക്കിയാല്‍ ഇതിപ്പോ രാത്രിയും കഴിഞ്ഞു നേരം വെളുക്കുന്ന ദൈര്‍ഘ്യം തോന്നും.. അപ്പൊ അതും പാതി രാത്രിയാ)
നേരെ വച്ച് പിടിച്ചു ദാമോദരന്‍ മാഷിന്റെ പറമ്പ് ലക്ഷ്യമാക്കി. അവസാനം ആരുടേയും കണ്ണില്‍ പെടാതെ പറമ്പില്‍ എത്തി.. വീടിന്റെ പിന്നില്‍ തെന്നെയാ വാഴ നില്‍ക്കുന്നത്.. സാറിന്റെ വീടിന്റെ പിന്നില്‍ വേറെ വീടുകള്‍ ഇല്ലാത്തതു കൊണ്ട് പിന്നാമ്പുറത്ത് വെളിച്ചത്തിന്റെ ഒരു നിഴല്‍ പോലുമില്ല, 

വലിയ ശബ്ദമൊന്നും ഉണ്ടാക്കാതെ വഴച്ചുവട്ടില്‍ എത്തി.. 
ആ ഇരുട്ടില്‍ ദാ തിളങ്ങി നില്‍ക്കുന്നു ഒരു തടിച്ചു കൊഴുത്ത ചുവന്ന കപ്പക്കുല...
ഹെന്റമ്മേ ഒരു ഒന്നൊന്നര കൊല.. യമണ്ടന്‍ തന്നെ... ചമ്ന്നു തുടുത്ത കൊല എല്ലാരേയും നോക്കി ചിരിച്ചു.. അപ്പൊ ലവന് പ്രേമം തോന്നിയത് ചുമ്മാതല്ല... 
ഇങ്ങനെയൊരു സാധനം ഈ നാട്ടില്‍ ഇത്രയും നാള്‍ വളര്‍ന്നു വന്നിട്ട് തങ്ങള്‍ അറിഞ്ഞില്ലെന്നോ... ഹെന്ത്...
പഴയ ആ ബോട്ട് വീണ്ടും എല്ലാരുടെയും വായിലെത്തി ഇപ്പൊ രണ്ടു സര്‍വീസും നടത്തി

" സാറേ.. സാറിന്റെ ഈ കുല ഞങ്ങള്‍ അങ്ങ് എടുക്കുവാനേയ് ഇനി പിന്നീട് പറഞ്ഞില്ലാന്നു പറയരുത്... ഇത്രയും നല്ല ഒരു കൊല നാട്ടു നനച്ചു വളര്‍ത്തിയതിനു ഡാന്ക്സ്..."
എന്തായാലും പാവം നാട്ടു നനച്ചു വളര്‍ത്തിയ സാറിനോട് പതിഞ്ഞ ശബ്ദത്തില്‍ അനുവാദവും ചോദിച്ചു.. ചോദിക്കാതെ എടുക്കുന്നത് മോശമല്ലേ...   'പിന്നേ. പിന്നേ... മോശമാ...'

 കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന സാറിനു അത് കേള്ല്കാന്‍ പറ്റാത്തത് ഇവന്മാരുടെ കുഴപ്പമല്ല..
പാവം.. നാട്ടു നനച്ചു പഴുക്കാന്‍ കാത്തിരിക്കുകയാവും.. സാറിനു അറിയില്ലല്ലോ ഇത് "താങ്ങാന്‍" ലെവന്മാര് വന്ന കാര്യം... 

കുലയെ കണ്ണുകള്‍ കൊണ്ട് അളന്നിട്ടും ലെവന്മാര്‍ക്ക് മതിയാകുന്നില്ല...

എല്ലാവനും കുലയെ തൊട്ടും തലോടിയും പഴം എണ്ണിയും കുലയെ ആസ്വദിച്ചു. പഴുക്കാനൊന്നും കാത്തു നില്‍ക്കേണ്ട പറ്റിയാല്‍ ഇപ്പൊ തന്നെ തിന്നാം... അത്രക്കുണ്ട് ലവന്മാരുടെ ആക്രാന്തം.. 

അപ്പൊ ദേ മെയിന്‍ കുലുമാല്...
പ്ലാനിങ്ങും ശ്രമവും എല്ലാം ഓക്കേ..
"എങ്ങനെ കൊല വാഴയില്‍ നിന്നും വേര്‍പെടുത്തും..."
"കത്തി" എന്ന് പറയാന്‍ സാധനം എടുത്തിട്ടില്ല.. ...  പ്ലാനിങ്ങിലൊന്നും ഇല്ലാത്ത സബ്ജെക്റ്റ്.. ആക്രാന്തത്തില്‍ അത് മറന്നു പോയി..
ഈ പ്ലാനിങ്ങില്‍ അങ്ങനെ ഒരു ഐഡിയ ഒരുത്തനും തോന്നിയില്ല...അല്ലെങ്കിലും ഇതൊന്നും ആദ്യമേ തോന്നില്ലല്ലോ
ഇനിയിപ്പോ തിരിച്ചു പോയി കത്തിയെടുക്കാനോന്നും  പറ്റില്ല. അല്ലെങ്കില്‍ തന്നെ പണ്ടേ ടെറസിലാ ഒറക്കം... ടെറസില്‍ ഉറങ്ങുന്നവന്മാരോട് വീടിനകത്ത് നിന്നും കത്തിയെടുക്കാന്‍‍ പറഞ്ഞാല്‍ എങ്ങനാ...

ഇതിന്റെ തണ്ടാനെന്കില്‍ ഒരു കൊച്ചു തുമ്പിക്കയ്യുടെ അത്ര വണ്ണം കാണും... 

 എന്തായാലും വിട്ടു കളയാന്‍ പറ്റില്ല.. മൂന്നും കൂടെ കൊലയില്‍ തൂങ്ങി വലിച്ചു നോക്കി.. വാഴ മൊത്തത്തില്‍ ഒടിഞ്ഞു വീഴും എന്ന നിലയയാപ്പോള്‍ പിടി വിട്ടു.. മൊത്തത്തില്‍ ഒടിഞ്ഞാല്‍ നിശബ്ദമായ അന്തരീക്ഷത്തില്‍ കരിയില ഞരങ്ങുന്ന ശബ്ദം ഉണ്ടാകും... അല്ലെങ്കില്‍ തന്നെ വഴയുല്പെടെ ചുമന്നു കൊണ്ട് പോകാനും പറ്റില്ല... (എന്നിട്ട് വേണം ഇനി വാഴക്കള്ളന്‍ എന്നാ പേര് കൂടി വീഴാന്‍... "നമുക്ക് വേണ്ട വല്ലവന്റെയും വാഴ..)

മൂന്നെണ്ണവും പരിസരം തപ്പാന്‍ തുടങ്ങി.. വല്ല മൂര്‍ച്ചയുള്ള എന്തെങ്കിലും കിട്ടിയെങ്കില്‍ ഈ കുല മുറിക്കാമായിരുന്നു.. വല്ല കത്തിയോ ആയുധമോ പുറത്ത്‌ ഉണ്ടോ എന്നറിയാന്‍ വീടിന്റെ ചുറ്റുവട്ടവും എല്ലാവനും കറങ്ങി നോക്കി.
എവിടെ.. ഒന്നും കാണാനില്ല ചുറ്റിനും ഇരുട്ട് മാത്രം..
"ഈ സൂര്യന് ഒരു അഞ്ചു മിനുട്ടതെക്ക് ഒന്ന് ഉദിച്ചിരുന്നെങ്കില്‍. " (ഇവനൊക്കെ മൂര്‍ച്ചയുള്ള സാധനം തപ്പാന്‍ വെളിച്ചമില്ലെന്നു വച്ച് സൂര്യന് പാതിരാത്രി കേറി ഉദിക്കാന്‍ പറ്റുമോ...)
തപ്പി നടന്നു തളര്‍ന്നു..
ഒരുവന്‍ ഒരു ഉരുളന്‍ കല്ല്‌ വരെ എടുത്ത് കൊല മുറിച്ചു നോക്കി.. മറ്റൊരാള്‍ നഖം കൊണ്ട് പരീക്ഷണം നടത്തി...
കൊല മുറിഞ്ഞില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ഒരല്പം നഖം കൂടി കൊല കൊണ്ട് പോയി.. അവസാനം ദാമോദരന്‍ മാഷിനെ തന്നെ ഉണര്‍ത്തി കത്തി ചോദിച്ചാലോ എന്ന് വരെ ലെവന്മാര്‍ ചിന്തിച്ചു.. ചോദിക്കാത്തത് നന്നായി..

അ സാനം തിരച്ചില്‍ മതിയാക്കാം എന്ന് കരുതിയപ്പോ ഒരു തറയില്‍ ഒരു തിളക്കം കണ്ടു
"ഒരു ഏഴു മണി ബ്ലൈഡ്" (i- 7'o clock)
ബ്ലേഡ് കണ്ടവന്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ പാകത്തില്‍ അലറി... യുറേക്കാ..  യുറേക്കാ..
കൊറച്ചൂടെ ഒച്ചത്തിലായിരുന്നെങ്കില്‍ സാര്‍ ഉണര്ന്നെനെ.. പിന്നെ ഇവന്മാര്‍ എല്ലാം ഇതിനെക്കാള്‍ ഒച്ചത്തില്‍ അലറുന്നത് കേള്‍ക്കാമായിരുന്നു..
എന്തായാലും ആ ചാന്‍സ് മിസ്സ്‌ ആയി..

എല്ലാം ചടു പിടെന്നായിരുന്നു. ബ്ലേഡ് കിട്ടിയവന്‍ കൊല മുറിക്കാനും മറ്റവന്മാര്‍ കൊല താങ്ങാനും തയ്യാറായി നിന്നു.. മുറിഞ്ഞില്ലെകിലും വേണ്ടില്ല ഇപ്പൊ കൊല കൊണ്ട് പോകുമെന്ന മട്ടിലാ ഇവന്മാരുടെ നില്‍പ്പ്..
ക്ടിം...
കൊലയില്‍ ബ്ലേഡ് വച്ച് ശക്തിയായി ഒന്ന് വരഞ്ഞപ്പോ തന്നെ ബ്ലേഡ് മൂന്ന് പീസ്.. ആ സമയത്തെ ലവന്മാരുടെ മുഖഭാവം നിങ്ങള്ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങ് സങ്കല്പിച്ചോ അല്ലാതെ കാണാന്‍ നേരത്തെ പറഞ്ഞ കണക്ക് സൂര്യനോന്നും ഉദിക്കാന്‍ പറ്റില്ല,,,
ആ പ്രതീക്ഷയും പോയി.. എല്ലാത്തിന്റെയും കൊല പ്രതീക്ഷ അസ്തമിച്ചു.. സമയമാണെങ്കില്‍ ഏറെ രാത്രിയുമായി.

വയ്യ ഇനി നില്ക്കാന്‍ വയ്യ.. മോഷണത്തിന്റെ ടെന്‍ഷനും ആയുധം തിരച്ചിലും ആയി എല്ലാവനും തളര്‍ന്നു..
ഒരു പാട് കൊതിച്ചും സ്വപ്നം കണ്ടും വന്നതാ.. അവസാനം "കാമുകന്‍" വരെ തളര്‍ന്നു.. (ഹോ.. ഈ മോഷണം എന്ന് പറയുന്നത് വലിയ കഷ്ട്ടപാട് തന്നെയാ..)
സംഘം അടിയന്തിര യോഗം ചേര്‍ന്നു
"എന്തായാലും ഇന്നത്തെ ശ്രമം ഉപേക്ഷിക്കാം.. കൊല മിക്കവാറും രണ്ട് ദിവസം കഴിഞ്ഞേ പാകമാകൂ.. നമുക്ക് നാളെ കത്തിയുമായി വരാം.. "
എന്തുമാത്രം പ്ലാന്‍ ചെയ്തു.. എന്ത് മാത്രം കഷ്ടപ്പെട്ടു.. കൊല സ്വന്തമാക്കാന്‍. ഇനി ഇപ്പൊ നാളെ വരെ കാത്തിരികകണ്ടേ.. എന്തായാലും കാത്തിരിക്കാം..

പിറ്റേന്ന് പതിവുപോലെ സംഘം നാല് മണിക്ക് തന്നെ ഒത്തു കൂടി രാത്രിയെപ്പറ്റി ആലോചിച്ചു... പ്ലാനിംഗ് കൊഴുത്തു.. ഒരു കത്തിക്കു പകരം വേണമെങ്കില്‍ രണ്ടു കത്തിയും ഒരു കോടാലിയും എടുക്കാമെന്നായി. (ഇനി ഇപ്പൊ കത്തി കൊണ്ട് മുറിഞ്ഞില്ലെങ്കിലോ)

എന്തായാലും പ്ലാനിംഗ് കഴിഞ്ഞു സംഘം ഓരോ ചായ കുടിക്കാനായി പഴയ ആ വാസു അണ്ണന്റെ കടയില്‍ തന്നെ എത്തി..
തൂങ്ങിയാടുന്ന പഴക്കുലകളെ കണ്ണ് കൊണ്ട് ഉഴിഞ്ഞു രാത്രി സ്വന്തമാക്കാന്‍ പോകുന്ന കപ്പക്കുലയെ സ്വപ്നം കണ്ടു ഓരോ ചായ ഓര്‍ഡര്‍ ചെയ്തു..

റൊട്ടേറ്റു ചെയ്തു കൊണ്ടിരുന്ന എല്ലാവന്റെയും കണ്ണ് പെട്ടെന്നാണ് ഏറ്റവും പിന്നിലായി തൂങ്ങിയാടുന്ന കുലകളിലോന്നില്‍‍ ഉടക്കിയത്.
ഡിം... നമ്മുടെ ദുബായ് ട്രേഡ് സെന്ററിന്റെ മുകളില്‍ നിന്നും താഴേക്കു എടുത്തെറിഞ്ഞ അനുഭവമായിരുന്നു...
അതെ.. അത് തന്നെ.. ഇന്നലെ രാത്രി കഷ്ടപ്പെട്ട മുറിക്കാന്‍ കഴിയാതെ പോയ ആ കുല... ഏതു പാതിരാത്രി കണ്ടതാനെന്കിലും ശരി അതിനി എത്ര ദൂരത്തു നിന്നും കണ്ടാലും ഇവന്മാര്‍ക്ക് മനസ്സിലാകും.. അത്രക്കല്ലായിരുന്നോ കണക്ക് കൂട്ടലുകള്‍
ദൈവമേ എല്ലാം ചതിച്ചല്ലോ,
അപ്പോഴത്തെ അവന്മാരുടെ മുഖം കണ്ടാല്‍ സ്വന്തം തന്തപ്പടി മരിച്ചാല്‍ പോലും ഇത്രയും വിഷമം ഉണ്ടാകാത്ത ഫീലിംഗ്സ്. ‍

(പകല്‍ എപ്പോഴോ മാഷ്‌ പാകമായ കപ്പക്കുല വെട്ടിയെടുത്ത്‌ വാസുവണ്ണന്‍ന്റെ കടയില്‍ കൊണ്ട് വിറ്റിരുന്നു. അത് ഈ പാവങ്ങള്‍ അറിഞ്ഞില്ലല്ലോ)

പിന്നാമ്പുറം : എന്തായാലും ഇവന്മാര്‍ മുപ്പതന്ച്ചു രൂപ എവിടുന്നോക്കെയോ ഉണ്ടാക്കി ആ കുലയില്‍ നിന്നും ഒരു കിലോ പഴം വാങ്ങി തിന്നു നിര്‍വൃതി അടഞ്ഞു..

Saturday, May 26, 2012

എന്റെ പ്രണയിനി....

അവള്‍ എന്റെ പ്രണയിനി ആയിരുന്നുവോ??

ക്ലാസ് മുറികളിലെ നിശബ്ദദയെ അധ്യാപന സ്വരം ഭജ്‌ഞിച്ചിരുന്നപ്പോഴും, കുട്ടികളുടെ കലപില ശബ്ദം മുഖരിതമാകുംപോഴും എല്ലാം എന്റെ നേരെ നീണ്ടു വരുന്ന, എന്നെത്തന്നെ ശ്രദ്ധിക്കുന്ന രണ്ടു കണ്ണുകളെ ഞാന്‍ അറിയുന്നുണ്ടായിരുന്നു... 

എന്തിനായിരുന്നു ഈ ഒളിച്ചു കളി...
നീയും ഞാനും ഏറ്റവുമടുത്ത സുഹ്ര്തുക്കള്‍ ആയിരുന്നല്ലോ..
പിന്നെന്തേ ഇപ്പൊ ഇങ്ങനെ..  എന്തിനു നമ്മള്‍ ‍ ഈ അകലം പാലിച്ചു...??

എന്ന് മുതലാണ് നമ്മുടെ സൌഹൃദം തുടങ്ങിയത്.. ,, ഓര്‍മയില്ല... ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചു.. 
പരസ്പരം സഹായിച്ചും തല്ലു കൂടിയും...
ഓര്‍മ്മകള്‍ക്കിന്നും ഒരു വല്ലാത്ത അനുഭൂതിയാ...
 
ഞാന്‍ ധരിക്കാറുള്ള വസ്ത്രങ്ങളെ കുറിച്ച് നീ അഭിപ്രായം പറയുമായിരുന്നു..
ഞാന്‍ വരാത്ത ദിവസത്തെ നോട്ടുകള്‍ എഴുതിയെടുക്കുവനായി മറ്റാര് ചോദിച്ചിട്ടും കൊടുക്കാതെ നീ എനിക്ക് ബുക്കുകള്‍ തരുമായിരുന്നു..
സാറിന്റെ വിഷമിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും കാണാതെ നീ എനിക്ക് ബുക്ക്‌ തുറന്നു കാണിച്ചു തരുമായിരുന്നു.. 

അവസാനം ഒരു നാള്‍ പരസ്പരം അറിയാത്ത എന്നാല്‍ എല്ലാം അറിയുന്ന എന്തോ കാരണത്താല്‍ നമ്മള്‍ മിണ്ടാതിരുന്നു..

എന്തെ മിണ്ടാതതെന്നു നീ എന്നോടും ചോതിച്ചില്ല ഞാന്‍ നിന്നോടും ചോതിച്ചില്ല.. നമ്മള്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞതുമില്ല..
എന്തിനായിരുന്നു നമ്മള്‍ മിണ്ടാതിരുന്നത്.. ??
നിഷ്കളങ്ക സൌഹൃദത്തില്‍ എപ്പോഴോ ആ നിഷ്കളങ്കത നമുക്ക് നഷ്ടമായോ??
കൂട്ടുകാരുടെ അര്‍ഥം വച്ചുള്ള കളിയാക്കലുകളില്‍ നഷ്ടമായതാണോ??

രണ്ടു മനസ്സിലും എന്തോ ഒരു കള്ളം ഒളിപ്പിച്ചുണ്ടായിരുന്നു...
സൌഹൃദത്തിനു പ്രണയത്തിന്റെ നിറം കൈ വരുന്നത് നാം അറിഞ്ഞിരുന്നു...

പരസ്പരം അറിയുന്നുണ്ടായിരുന്നു.. സാമീപ്യം ആഗ്രഹിച്ചിരുന്നു..
കുറെ നാളുകള്‍..
പിന്നീടുള്ള രണ്ടു വര്ഷം ഒരേ ക്ലാസ്സില്‍ ഒരുമിച്ച്... 
ഒരിക്കല്‍ പോലും പരസ്പരം സംസാരിച്ചിരുന്നില്ല...
 നിന്റെ കണ്ണുകള്‍ എന്നെ തേടാരുണ്ടായിരുന്നു ....
ഞാന്‍ കാണാതെ..
നീയറിയാതെ ഞാന്‍ അത് കാണുന്നുണ്ടായിരുന്നു...

 ഇടനാഴികളുടെ ഏകാന്തതയില്‍ ഒരു പാട് പ്രാവശ്യം ഞാനും നീയും എതിരെ വന്നിട്ടുണ്ട്..   എതിരെ വരുമ്പോള്‍ ഒരിക്കലും പരസ്പരം നോക്കിയിരുന്നില്ല..
എങ്കിലും നീയെന്നെ ശ്രദ്ധിക്കുമായിരുന്നു...

ഒരുപാടു വട്ടം പരസ്പരം കണ്ണുകള്‍ ഇടഞ്ഞിട്ടുന്ദ് അപ്പോഴെല്ലാം മറ്റാരോ ഏതോ ദിക്കില്‍ നിന്നും വിളിച്ച പോലെ എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റുമായിരുന്നു...
രണ്ടു  അധ്യായന വര്‍ഷങ്ങള്‍... പരസ്പരം അറിഞ്ഞ്.. എന്നാല്‍ ഒന്നുമറിയാതെ നമ്മള്‍ കഴിഞ്ഞു... ഒരേ ക്ലാസ്സില്‍..
ഒന്ന് തുറന്നു സംസാരിക്കുവാന്‍ ഇതിനിടയില്‍ ഒരിക്കല്‍ പോലും ശ്രമിച്ചിരുന്നില്ല.. ഒരു പക്ഷെ സംസാരിച്ചിരുന്നെങ്കില്‍......

പഠനവും പഠനത്തിനിടയിലെ ഓണവും വിഷുവും ക്രിസ്തുമസ്സുമെല്ലാം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ആഘോഷമാക്കി..  വേനലും മഴയും വസന്തവും ഗ്രീഷ്മവും വന്നു..
അവസാനം ഒരു മാര്‍ച്ച് മാസം.. പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍.. അതിലുപരി വിടപറയലിന്റെ നാളുകള്‍..

 ഇനി എല്ലാരും പല വഴിക്ക്. പല പല മോഹങ്ങളുമായി...
ആവശ്യമില്ലെങ്കിലും ഒരു ഓട്ടോഗ്രാഫ് എല്ലാവരിലും.. അതിലൊന്നായി എന്റെയും.. 

പലരുടെയും സ്നേഹവും, സൌഹൃദവും വിരഹവും, സന്തോഷവും, വേദനയും നിറഞ്ഞ വാക്കുകള്‍ കൊണ്ട് താളുകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു..

അവസാന ദിവസം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ എന്റെ ഓട്ടോഗ്രാഫ് എനിക്ക് കൈ വന്നു..  അലസമായി ഒന്ന് മറിച്ചു നോക്കി ഞാന്‍ അത് മറ്റു ബുക്കുകള്‍ക്കിടയില്‍ തിരുകി... 

അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു.. എല്ലാവരും ക്ലാസ്സ്‌ മുറികളില്‍ നിന്നും പുറത്തേക്കു വന്നു.. ഞാന്‍ വെറുതെ ആള്‍ക്കൂട്ടത്തില്‍ അവളെ തിരഞ്ഞു...

ഞാന്‍ കണ്ടു.. മുന്നിലെ ഒരു കൊണ്ക്രീടു തൂണിനു പിന്നില്‍ തിളങ്ങുന്ന കണ്ണുകളുമായി എന്നെത്തന്നെ നോക്കുന്ന അവളെ...
ഈ കാലയളവിനുള്ളില്‍ അന്നാദ്യമായി നമ്മള്‍ ഒരു പാട് നേരം പരസ്പരം നോക്കി നിന്നു..
 അവളുടെ കണ്ണുകള്‍ എന്നോട് സംസാരിച്ചു..
അതിലെന്തോക്കെയോ ഒട്ടേറെ അര്‍ഥങ്ങള്‍ ഞാന്‍ കണ്ടു..

ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു അവള്‍ കൂട്ടുകാരികളുടെ ഇടയിലേക്ക് നടന്നകന്നു...

അധ്യയന വര്‍ഷത്തിലെ അവസാന ദിനവും കഴിഞ്ഞു... പ്രിയപ്പെട്ട കലാലയത്തിനു വിട... ഇനി എന്നെങ്കിലും ഈ ഇടനാഴികളില്‍.. ഈ ക്ലാസ്സ്‌ മുറികളില്‍...

ഒട്ടേറെ സ്വപ്നങ്ങളും മോഹങ്ങളും അവശേഷിപ്പിച്, അതിലേറെ പ്രതീക്ഷകള്‍ തന്നു...
നാളെയിലേക്കുള്ള തയ്യാറെടുപ്പുകള്‍ മനസ്സ് കൊണ്ടെടുത്തു...



കിടക്കയിലേക്ക് വലിച്ചെറിഞ്ഞ ബുക്കുകല്‍ക്കിടയിലെ ഓട്ടോഗ്രാഫ് വെറുതെ കയ്യില്ടുത്തു..
പേജുകള്‍ ഓരോന്നായി മറിച്ചു..  ഏകദേശം എല്ലാരും എഴിതിയിരിക്കുന്നു.. ചിലര്‍ ഒറ്റ വാക്കില്‍ ഒരു വിട പറച്ചില്‍, ചിലര്‍ ഒരു സെന്റെന്‍സ്, ചിലര്‍ ഒരു പേജ് നിറയെ ഒരുപാടു കാര്യങ്ങള്‍.. എല്ലാം വ്യത്യസ്തം...
ഇവക്കെല്ലാമിടയില്‍ ഒരു പേജില്‍ കണ്ണുടക്കി...  യെസ്.. അതവളുടെതയിരുന്നു...വൃത്തിയായി എഴുതിയ ഒരേയൊരു വരി... 
" ............................................................"



??????????????????? ഒരായിരം ചോദ്യ ചിഹ്നങ്ങള്‍ അവശേഷിച്..
. .




സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

Tuesday, May 1, 2012

സ്കൂളില്‍ നിന്നൊരു മടക്ക യാത്ര...

സ്കൂളില്‍ നിന്നും കഷ്ടി രണ്ടു കിലോമീടര്‍ വീട്ടിലെത്താന്‍..
പക്ഷെ നമുക്ക് അത് വലിയൊരു ദൂരമാ അതിനെക്കാള്‍ എളുപ്പമുള്ള വേറൊരു വഴിയുണ്ട്
ഏതാണ്ട് അതിനെക്കാള്‍ കൂടുതല്‍ നടക്കണമെന്ന് മാത്രം
വയലേലകളിലെ ചെളിയുടെ മണവും തെങ്ങിന്‍ തോപ്പുകളിലെ ഇളം കാറ്റും തോട്ടുവക്കത്തെ കളകളാരവവും ഒക്കെ കേട്ട അങ്ങിനെ വീടെത്തുമ്പോള്‍ എന്തായാലും ഒരു മൂന്നു കിലോമീടര്‍ കാണും... അതാ ഈ രണ്ടു കിലോമീടര്‍ നേരെയുള്ള വഴിയെക്കള്‍ നമുക്ക് എളുപ്പം..
അതൊരു കാലം...

സ്കൂള്‍ വിടുന്നതും നമ്മള്‍ ആണ്‍കുട്ടികളും "പെണ്‍കുട്ടികളുമായി" ഒരു സെറ്റ് പിള്ളേര്‍ ഉണ്ട് ഒന്നിച്ചു പോകാന്‍.. ("---" അവര്‍ ഉള്ളത് കൊണ്ടാണല്ലോ ഈ നമ്മളൊക്കെ ഇത്ര കഷ്ടപ്പെട്ട് ഇത് വഴിയൊക്കെ പോകുന്നത്..)
ഏകദേശം എല്ലാരുടെയും വീട് അടുത്തടുത്ത്‌ തന്നെയാ ഈ പറഞ്ഞ നേരെയുള്ള റോഡിലൂടെ പോയാല്‍ പതിനഞ്ചു മിനുട്ട് വീട്ടിലെത്താന്‍..
പക്ഷെ വലിയ വിഷമമാ നമുക്ക് അതിലെ പോകാന്‍..
നേരെ സ്കൂളിന്റെ പിന്നിലെ ഗേറ്റ് വഴി പുറത്തിറങ്ങും അവിടെയുള്ള അമ്പലത്തിലേക്ക് പോകുന്ന റോഡ്‌ ആണ് അത്. അപ്പൊ നമുക്ക് പോകാം..??

ഒരു തനി ഗ്രാമീണ അമ്പലം.. ചുറ്റുമതിലും അരയാലും അമ്പലക്കുളവും എല്ലാമായി അതിങ്ങനെ നിലകൊള്ളുന്നു.  അരയാലും കഴിഞ്ഞ്‌  അമ്പലക്കുളവും കടന്നു ഞങ്ങളുടെ ജൈത്ര യാത്രാ സംഘം പോകുന്നത് താഴെയുള്ള വയല്‍ വരമ്പിലേക്കാന്..
എന്തെല്ലാം കത്തിയടിച്ചു കൊണ്ടാണ് പോകുന്നതെന്നോ... ആണ്‍കുട്ടികള്‍ക്ക് കൂടെയുള്ള പെണ്പിള്ളാരെ  ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വഴികള്‍..  അതിനിടയില്‍ ഒരു കുട്ടി പ്രേമവും.(എന്റെയല്ല കേട്ടോ... അത് വഴിയെ നമുക്ക് പറയാം..)
അങ്ങനെ പച്ച വിരിച്ചു വിശാലമായി കിടക്കുന്ന വയലിന്റെ ഒരരികില്‍ നമ്മള്‍ എത്തി നില്ക്കുകയാ.. വയലിന്റെ നടുവിലൂടെ ചെറിയ ഒരു നടപ്പാതയുണ്ട്.. കണ്ടം തിരിചിരിക്കുന്നതിനിടയില്‍ ഉടമക്ക് നടക്കാന്‍ വേണ്ടിയാകണം (ഇത് എന്റെ ചെറിയൊരു ചിന്തയാ കേട്ടോ). 
എന്തൊരു കുളിരണിയിക്കുന്ന ഒര്മയനെന്നോ അത് വഴി നടക്കുന്നത്. ഇരു വശവും വിശാലമായ നെല്‍പ്പാടങ്ങള്‍. ഇളം കാറ്റില്‍ ആടിക്കളിക്കുന്ന നെല്‍ചെടികള്‍ അവിടത്തെ കാറ്റിനുപോലും എന്താ ഒരു കുളിര്‍മ.. നമ്മുടെ സംഘം ഈ നടപ്പാതയിലൂടെ പോകുമെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി.. എവിടെ.. വയലിലെ നടപ്പാതയിലൂടെ നടന്നു ആദ്യത്തെ കണ്ഠം തിരിച്ചിരിക്കുന്ന ഏന്‍ഡ് വരെയേ ഉള്ളൂ ഈ നടപ്പാത..പിന്നെ വയലിലെക്കിരങ്ങുകയായി.
യൂണിഫോം ഒരല്പം മുകളിലേക്ക് തെറുത്തു വച്ച നമ്മുടെ സംഘം ചുറ്റുവട്ടം നിരീക്ഷിക്കും.. ഏതെങ്കിലും വയല് മോതലാളിയെങ്ങാനും കണ്‍ വെട്ടതുണ്ടോന്നു.. എന്നിട്ട് പതിയെ കണ്ഠം തിരിച്ചിരിക്കുന്ന ആ ചെറിയ അതിരിലൂടെയാകും നടത്തം.. അത് അതിരെനോന്നും പറയാന്‍ പറ്റില്ല ചെറിയ ഒരു കാല്‍ വക്കാന്‍ പോലും വീതിയില്ലാതെ വെള്ളം കെട്ടി നിര്‍ത്താന്‍ വേണ്ടി ചെളി കൂട്ടി ചെറിയൊരു അതിരുണ്ടാകിയിരിക്കുന്നു... അതിലൂടെ നടക്കുന്ന രസം ഒന്ന് വേറെ തന്നെ..
നടപ്പാതയില്‍ ഇരുവശവും നെല്ചെടികലനെങ്കില്‍ ഈ കണ്ടത്തില്‍ നമ്മള്‍ നെല്‍ച്ചെടി വകഞ്ഞുമാറ്റി വേണം പോകാന്‍..  കൈ രണ്ടും കുരിശു പോലെ പിടിച്ചു ആടിക്കളിക്കുന്ന നെല്ചെടികള്‍ക്ക് മേലെ തഴുകിത്തലോടി അങ്ങനെ വരിവരിയായി നമ്മള്‍...
പല പല കണ്ടം കടന്നു മറുതലക്കല്‍ എത്തുമ്പോഴേക്കും കാലുമുഴുവന്‍ ചെളി കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. എന്നാലും അതൊരു രസമാ..
 വയല്‍ തീരുന്നിടത് ചെറിയ ഒരു വെള്ളച്ചാല്‍ ഉണ്ട്.. രണ്ടു വരമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍. അവിടെ ഒരല്പം തെളിമയുള്ള വെള്ളമാ..
അതില്‍ കാല്‍ കഴുകാം...
ചെളി മുഴുവന്‍ അവിടെ നിക്ഷേപിക്കും ഇനി മുന്നില്‍ കാണുന്നത് ചെറിയ ഒരു പുഴയാണ്.. അതിന്റ അതിന്റെ ഒരുവശത്ത് നടക്കാനുള്ള വഴിയുണ്ട്. എവിടെ ചെന്നെത്തുമെന്ന് എനിക്കിന്നും അറിയില്ല. ആ തോട്ടിന്‍ വാക്കിലൂടെ ഒഴുക്കിന്റെ ശബ്ദമൊക്കെ കേട്ട് നമ്മുടെ പിള്ളേര്‍ സംഘം മുന്നോട്ട്.. ഇതിനിടയില്‍ എന്തെല്ലാം കഥകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നോ.. ഈ നടന്നതത്രയും റോഡിലൂടെ നടന്നെങ്കില്‍ ഇപ്പൊ വീടെതിയേനെ.. (എല്ലാത്തിനും നല്ല പെട കിട്ടാത്തതിന്റെ സൂക്കേടാ.)
തീര്‍ന്നില്ല യാത്ര.. ഇതിപ്പോ എങ്ങുമെത്തിയില്ല.. തോട്ടിന്‍ കരയെതിയല്ലേ ഉള്ളൂ.. ഇനി തോട് മുറിച്ചു കടന്നു അപ്പുറത്തെ തെങ്ങിന്‍ തോപ്പിലൂടെ പോണം.. കുറച്ചു മുന്നോട്ടു മാറി ഒരു ചെറിയ നടപ്പാലമുണ്ട് തോട്ടിന് കുറുകെ.. അതുവഴി തോട് മുറിച്ചു കടന്നു.. വലതു വശത്ത് ഒരു ചെറിയ സര്‍പ്പക്കാവ് ഉണ്ട്.. ഇടതു വശത്ത് തോട്ടിലെക്കിറങ്ങാന്‍ ചെറിയ ഒരു കല്പടവും..  ആരൊക്കെയോ ഈ കാവില്‍ ഇടയ്ക്കിടെ തിരി തെളിക്കും. കരിപിടിച്ച ചിരാതുകള്‍ അവിടെയിരിക്കുന്നു.. ഒരുചെറിയ ആകാംഷയും എന്നാല്‍ ഈ സ്ഥലത്ത് പാമ്പുകള്‍ ഉണ്ടെന്നുള്ള ഒരു ചെറിയ പേടിയും ഉള്ളിലുണ്ട്...
 ഇനി നിങ്ങളവിടെ ഒന്ന് നിലക്ക് ഞാന്‍ ഈ തോട്ടിലെക്കിറങ്ങി ഒന്നുകൂടി കാല്‍ കഴുകിയിട്ട് വരാം.. നട്പ്പലത്തിനു വശത്തുള്ള ചെറിയ ഒരു കല്കെട്ടിലൂടെ ഞാന്‍ തോട്ടിലെക്കിറങ്ങി.ഒഴുക്കും ആഴവും വളരെ കുറഞ്ഞ ഒരു തോടാ അത്.. അവിടെ ആളുകള്ക്കിറങ്ങാന്‍ വേണ്ടി തന്നെയാ ഈ കല്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നെ...
ഞാന്‍ തോട്ടിലിറങ്ങി കാല്‍ കഴുകി തിരിച്ചു കയറി... ഇനി മുന്നില്‍ തെങ്ങുകള്‍ ഉള്ള ആരുടെയോ ഒരുതെങ്ങ് നട്ടു വളര്‍ത്തിയ പുരയിടം. ഇടയ്ക്കിടെ പല പല ചെറിയ ചെടികളും മരങ്ങളും ആരുടേയും അനുവാദമില്ലാതെ വളര്‍ന്നു വരുന്നുണ്ട്.. തെങ്ങിന്‍ തോപ്പിലൂടെ ഞങ്ങളുടെ സംഘം വരിവരിയായി നടന്നു തുടങ്ങി..
വഴിയില്‍ നിന്നും കല്ലുകള്‍ പെറുക്കി മുന്നോട്ട് എറിഞ്ഞും തെറ്റി പൂങ്കുലകള്‍ നുള്ളി അവയിലെ തേന്‍ നുകര്‍ന്നും കൂടുതല്‍ തെറ്റി പൂക്കള്‍ പറിച് പെണ്‍കുട്ടികള്‍ക്ക് "സംഭാവന" കൊടുത്തും.. പേരറിയാത്ത ഏതൊക്കെയോ കായകള്‍ അടര്തിയെടുതും... അങ്ങനെ..
അങ്ങനെ മുന്നോട്ടു ചെല്ലുമ്പോ ടാര്‍ ചെയ്ത ഒരു റോഡ്‌ എത്തി.. അത് നമ്മുടെ വീട്ടിലേക്കു പോണ റോഡിനെയും മറ്റൊരു പ്രദേശത്തെയും ബന്ധിപ്പിക്കുന്ന "ഷോര്‍ട്ട് കട്ട്‌" റോഡാണ്..
ആ ഷോര്‍ട്ട് കട്ട്‌ ലൂടെ വീട്ടിലേക്കു പോണ റോഡ്‌ ലക്ഷ്യമാക്കി നടന്നു.. വീട്ടിലേക്കു പോണ മെയിന്‍ റോഡില്‍ കയറുന്നതിനു തൊട്ടു മുന്പായി വീണ്ടും വലത്തേക്ക് ഒരു കട്ടിംഗ്.. അതും ഇത് പോലെ ഒരു "ഷോര്‍ട്ട് കട്ട്‌"
മെയിന്‍ റോഡിലൂടെ ഇനിയും ഒന്നര കിലൂമീടര്‍ നടന്നാല്‍ വീടെത്തും.. അതായത് നമ്മള്‍ സ്കൂളില്‍ നിന്നും അര കിലോമീടര്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ.. (പക്ഷെ ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നു കഴിഞ്ഞു..) നേരെ റോഡിലേക്ക് കയറാതെ നമ്മള്‍ വീണ്ടും "ഷോര്‍ട്ട് കട്ട്‌" ലേക്ക്..അത് ടാര്‍ ചെയ്ത റോഡാണ് കുറച്ചു ദൂരം അതിലൂടെ മുന്നോട്ടു നടന്നു.. ഇനി നേരെ പോയാല്‍ വീടെത്തില്ല സോ.. നമ്മള്‍ വീണ്ടും ഒരു ഊടു വഴിയിലേക്ക്..
 ഇവിടെ ആരുടെയൊക്കെയോ പുരയിടങ്ങള്‍.. വാഴയും തെങ്ങും മരച്ചീനിയും എല്ലാമായി ആരൊക്കെയോ നട്ടു പരിപാലിക്കുന്നു.. അതിന്റെ ഒരതിരിരില്‍ ചെറിയ ഒരു വഴി.. കുലച്ച വാഴകളുണ്ട് കുലക്കാത്തവയുണ്ട്.
 വാഴകളിലെ കീറാത്ത ഇലകളെ പേന കൊണ്ട് വരഞ്ഞു കീറുന്നത് എന്ത് രസമാണെന്നോ...
ഇതിനെല്ലാമുപരി ഈ വഴിയില്‍ ഒരു പുരയിടത്തില്‍ രണ്ടു മൂന്നു കരിമ്പിന്‍ തൈകള്‍ ഉണ്ട്.. പക്ഷെ ഒന്നും ഇത് വരെ പാകമായിട്ടില്ല.. ചെറിയ ചെടികള്‍ മാത്രം.. നമ്മള്‍ എന്നും അതില്‍ നോക്കി അത് വളരുന്നതും സ്വപ്നം കണ്ടു നടക്കും. എന്തിനാണെന്ന് അല്ലെ..
അടിച്ചു മാറ്റാന്‍..
അതിനു തന്നെ.. ഹി ഹി..
 ആകെ കരിമ്പ് കിട്ടുന്നത് ഇവിടെ അമ്പലത്തില്‍ ഉത്സവത്തിന്‌ മാത്രമാ.. അതും ചെറിയൊരു കഷ്ണം മാത്രം... പിന്നെ ഇങ്ങനെ തോന്നാതിരിക്കുമോ... 
ആഹ്.. അങ്ങനെ വീണ്ടും നടക്കാം കുറച്ചു മുന്നോട്റെതുമ്പോ മുന്നില്‍ ഒരു പടിക്കെട്ടാ.. നമ്മുടെ അറിവില്‍ ഒരു പതിനെട്ടാം പടി.. ഈ പടി കയറിയാല്‍ നേരെ മുന്നില്‍ റോഡ്‌ അവിടെ ഒരു അമ്പലം.. ഞാന്‍ പറഞ്ഞ ഉത്സവത്തിന്‌ കരിമ്പ് കിട്ടുന്ന അമ്പലം.. അങ്ങനെ ജൈത്ര യാത്ര സംഘം പടിക്കെട്ടുകള്‍ കയറി മുകളിലേക്ക്.. നേരെ റോഡിലേക്ക്.. ഇനി അങ്ങോട്ട്‌ ഷോര്‍ട്ട് കട്ട്‌ ഒന്നും കണ്ടു പിടിച്ചിട്ടില്ല... അത് കൊണ്ട് റോഡിലൂടെ മുന്നോട്ട്.. ഇനി ഒരു കിലോമീടെര്‍ നടന്നാല്‍ വീടെത്താം....
ഇത്രയും ദൂരം നടന്നത് അറിഞ്ഞില്ല.. ഇനി നേരെ റോഡിലൂടെ നടന്നാല്‍ വീട്ടില്‍ പോകാം.. സോ വീണ്ടും പിള്ളേര്‍ പട്ടാളം കത്തിയടിച്ചും "ഇമ്പ്രെസ്സ്" ചെയ്തും മുന്നോട്ട്... അവസാനം ഓരോരുത്തരായി ബൈ പറഞ്ഞു വീട്ടിലേക്ക്..
ഇന്ന് പറഞ്ഞത് ഒരു റൂട്ട് മാത്രം.. ഇനിയും രണ്ടു മൂന്നു "ഷോര്‍ട്ട് കട്ട്‌" കൂടി നമ്മള്‍ കണ്ടു വച്ചിട്ടുണ്ട്..
അത് വഴിയെ നമുക്ക് പറയാം.. ഓക്കേ..
സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....