Saturday, June 7, 2014

സാഹിത്യം തേടി....


എന്റെയുള്ളിലെ കലാ ഹൃദയം എനിക്കിവിടെ  തുറന്നിടണം.  അനുകരണമില്ലാത്ത ഒരു സൃഷ്ടി ഞാൻ വാർത്തെടുക്കും . എന്റെ സാഹിത്യം ലോകം അറിയപ്പെടുന്നതാകും. ചെറുകഥകളിൽ തുടങ്ങി നോവലും നിരൂപണങ്ങളുമായി സാഹിത്യ ലോകത്തെ ഒഴിച്ച് കൂടാനാകാത്ത പ്രതിഭാധനനായി മാറും ഞാൻ. പിന്നെയീ നാടിന്റെ സംസ്കാര സാഹിത്യങ്ങൾ എന്റെ കയ്യിലൂടെ മാത്രം ഒഴുകിയിറങ്ങും.. 

ഓർത്തോർത്തു ഞാൻ ഒന്ന് പൊട്ടിച്ചിരിക്കട്ടെ... 

 എന്റെ വിഷയങ്ങൾ ആരും ഇത് വരെ കൈ വെച്ചിട്ടില്ലാത്ത മേഘലകളിൽ തന്നെയാകട്ടെ... 
ആദ്യം ഞാനൊന്നു ലോകം കറങ്ങി വരാം. എന്റെ കഥാ തന്തു ഞാനൊന്നു തിരയട്ടെ. ആരും ഇത് വരെ എഴുതിയിട്ടില്ലാത്ത, എഴുതാൻ എനിക്ക് തോന്നുന്ന വിഷയങ്ങൾ... 

ഇതെന്താ സമയം എന്നെയും കടന്നു മുന്നോട്ടു പോകുന്നത്.. മണിക്കൂറിൽ പതിനായിരം കിലോമീറ്റെർ വേഗത്തിൽ ഞാനെന്റെ മനസ്സിനെ പായിച്ചിട്ടും ലോകത്തെ സംഭവങ്ങൾ എന്റെ കണ്ണിൽ പെടുന്നില്ല എഴുതാൻ വിഷയമില്ലെ സാഹിത്യ ലോകമേ.. കണ്ടവയിൽ ഒന്നിലും പുതുമയില്ലല്ലൊ.. 


പെയ്തിറങ്ങിയ കുളിർമഴയിൽ പേനയെടുത്ത ഞാൻ അവിടെയും പരാജയപ്പെട്ടു.

മഴനൂലുകളും പുതുമഴയും  പുതുമണ്ണിൻ മണവും പേമാരിയും പ്രളയവും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനൊത്ത് പകുത്തെടുത്തു സാഹിത്യലോകത്തെ തന്റെ സ്വന്തം മാത്രമാക്കിയിരിക്കുന്നു. കരിമുകിലും കാർമേഘവും എന്തിനേറെ... മഴ പതിക്കുന്ന പുഴകളെ പോലും മുങ്ങിത്തപ്പി പേപ്പര് തുണ്ടുകളിൽ വാരി വലിച്ചിട്ടിരിക്കുന്നു.. 
ഇതിലെനിക്കെന്താണിനിയൊരു വിഷയം. 

പ്രണയമേ... നീയെനിക്കൊരു വിഷയമായിരുന്നു. നിന്നെ പകർത്താൻ  എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ... നിന്നെ എഴുതാൻ വാക്കുകൾ കിട്ടുന്നില്ലന്നു പറഞ്ഞവർ പോലും നിന്നെക്കൊണ്ടു മഹാ പരമ്പര നീട്ടിപ്പരത്തി എഴുതിയിരിക്കുന്നു. നിന്നെയവർ സ്നേഹമാക്കി, കാമമാക്കി, ക്രോധമാക്കി, അങ്ങനെ എന്തൊക്കെയോ ആക്കി.. 

ഹേ... പ്രണയമേ.. ഇനിയെന്റെ സാഹിത്യത്തിൽ നിനക്കും ഇടമില്ല.. 

ഗ്രാമങ്ങളിലൂടെ പോയപ്പോ തുളസിക്കതിർ ചൂടിയ ഗ്രാമീണ സുന്ദരിയെ കണ്ടു.. പക്ഷെ...  പെണ്ണെ നിന്റെ കല്പ്പാദത്തിനു അടിയിലെ തൊലി മുതൽ ഉച്ചിയിലെ മുടി വരെ കീറിമുറിച്ചു സാഹിത്യമാക്കിയിരിക്കുന്നു ലോകം.. ഗ്രാമം നഗരങ്ങളിലേക്ക് മാറിയപ്പോൾ ഇരുട്ടിന്റെ മറവിൽ മുല്ലപ്പൂ ചൂടിയ നിന്നിലൂടെ വേശ്യാലയങ്ങളിലെത്തി വ്യഭിച്ചരിച്ചവർ  അതെല്ലാം താളുകളിലാക്കി മേനി നടിച്ചു വില്പ്പനക്ക് വച്ചിരിക്കുന്നു നീ എന്നിൽ വിഷയമായി വേണ്ട പെണ്ണെ.. 


മഴയും പുഴയും കാറ്റും പെണ്ണും പ്രേമവും എല്ലാം മറ്റാര്ക്കൊക്കെയോ വിഷയമായിരിക്കുന്നു.. 



തൂലികത്തുമ്പിൽ കീറിമുറിച്ചു ചവറ്റു കൊട്ടകളിൽ വലിച്ചെറിഞ്ഞു ചവിട്ടിക്കൂട്ടി ചന്ന ഭിന്നമാക്കി പേപ്പറിലേക്ക്‌ പകര്ത്തി വായനക്കാരന്റെ മുന്നിലേക്ക്‌ യാതൊരു ഔചിത്യവുമില്ലാതെ വിളമ്പി വച്ച വിഷയങ്ങൾ ഒന്നും എന്റെ സാഹിത്യത്തിനു പാത്രമല്ല 

നാറുന്ന ഖദർ ജൂബ്ബയും ഊശാൻ താടിയും വെച്ച് പീഠങ്ങളുടെ  മുന്നില് ചവച്ചു തുപ്പുന്ന ബുദ്ധിജീവികളുടെ ഭാഷയും രീതികളുമാണോ സാഹിത്യം. ഈ സാഹിത്യമാണോ എനിക്ക് വേണ്ടത്?..


വേണ്ട.. ഞാൻ ഇനിയും പഠിക്കട്ടെ... എന്റെ തൂലികക്ക് കിട്ടിയ വിഷയമൊന്നും എഴുതുവാൻ എന്റെ ഭാഷകൾ മതിയാകുന്നില്ല... എനിക്കെന്റെ സാഹിത്യം നിങ്ങളുടെ മുന്നില് അവതരിപ്പിക്കുവാൻ ഞാൻ ഇനിയും കുറെയേറെ ഭാഷകൾ പഠിച്ചു വരാം, ഈ ലോകത്ത് എനിക്കൊരു സാഹിത്യമുണ്ടാക്കാൻ... 



Wednesday, January 1, 2014

സർക്കാർ ഉദ്യോഗം - ചില അന്വേഷണങ്ങൾ.

ഒരു ഗവന്മെന്റു ജോലി എന്നത് കേരളത്തിലെ ഓരോ യുവതീ യുവാക്കളുടെയും ജീവിതാഭിലാഷമാണ്. എന്റെ ഒരു സുഹൃത്ത്‌ PSC എക്സാമിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്നത് കണ്ട്, അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിച്ചപ്പോൾ കണ്ട വസ്തുതകൾ.

കഴിഞ്ഞ കുറെ വർഷങ്ങൾ കേരള PSC നടത്തി വരുന്ന പരീക്ഷകളും അവയുടെ പ്രാധാന്യവും എടുത്തു പരിശോധിച്ചപ്പോൾ കിട്ടിയ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.

"സർക്കാർ സർവീസിൽ  കഴിവുള്ള വ്യക്തികളെ" എത്തിക്കാൻ കേരള PSC ഓരോ രണ്ടു /മൂന്നു വർഷത്തിലൊരിക്കൽ ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്ന LDC (Lower Division Clerk) യും LGS (Last Grade Servant) പരീക്ഷയും നടത്തുന്നു.
ഇതിനായി കേരള PSC യെ പ്രേരിപ്പിക്കുന്ന ഘടകം സർക്കാർ സർവീസിൽ  കഴിവുള്ള വ്യക്തികളെ എത്തിക്കുക എന്നത് മാത്രമാണോ??

ആണോ അല്ലയോ എന്നത് നമുക്ക് ഇത് കൂടി കണ്ടിട്ട് തീരുമാനിക്കാം.

2010 ൽ നടന്ന LDC പരീക്ഷയിൽ കേരളത്തിലെ 14 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തിൽ അധികം ഉദ്ധ്യോഗാർഥികൾ പരീക്ഷ എഴുതി. ഓരോ ജില്ലയിലും ശരാശരി 3000 പേരോളം വരുന്ന റാങ്ക് ലിസ്റ്റുകൾ (മെയിനും സപ്പ്ളിമെന്ററിയും ) പ്രസിദ്ധീകരിച്ചതായി കണക്കാക്കിയാൽ തന്നെ മൊത്തം 42000 പേരുടെ ലിസ്റ്റ് PSC പ്രസിദ്ധീകരിച്ചതായി അനുമാനിക്കാം.
അടുത്ത PSC വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ നമുക്ക് പഴയ റാങ്ക് ലിസ്റ്റിലേക്ക് ഒന്ന് കണ്ണോടിക്കാം.

31/12/2013 വരെ ഓരോ ജില്ലകളിലെയും നിയമനം പരിശോധിച്ചപ്പോൾ (മെയിൻ ലിസ്റ്റിലെതു) കിട്ടിയ കണക്കു ഇപ്രകാരമാണ്
തിരുവനന്തപുരം. - 1008
കൊല്ലം - 341
ആലപ്പുഴ - 267
പത്തനംതിട്ട - 320
കോട്ടയം - 363
ഇടുക്കി - 325
എറണാകുളം - 540
തൃശൂർ - 476
പാലക്കാട് - 371
മലപ്പുറം - 520
കോഴിക്കോട് - 275
വയനാട് - 170
കണ്ണൂര് - 321
കാസര്ഗോഡ് - 211

ഈ കണക്കുകൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്.

പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരാൻ പോകുന്ന ഈ അവസരത്തിൽ പഴയ റാങ്ക് ലിസ്റ്റു പ്രകാരം 42000 ത്തോളം പേരില് നിന്നും ഇതുവരെ ജോലിക്ക് കയറിയത് തുച്ചമായ 5508 പേർ മാത്രം. ഫലത്തിൽ റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാത്ത  ബാക്കി വരുന്ന 35000 ത്തിനു മുകളിൽ ഉദ്ധ്യോഗാർഥികൾ വീണ്ടും പരീക്ഷകൾ എഴുതിക്കൊണ്ടേയിരിക്കണം. കൂടെ പുതിയതായി യോഗ്യത നേടിയതും മുന്പ് എഴുതി കിട്ടാത്തവരുമായ 15 ലക്ഷത്തോളം പേർ.

ഇവിടെ ഉയരുന്ന ചോദ്യം കേരളത്തിൽ ഇത്രയും ഒഴിവുകൾ ഇല്ലെങ്കിൽ ആര്ക്ക് വേണ്ടിയാണു മൂന്നു/ രണ്ടു വർഷത്തിൽ ഒരിക്കൽ LDC / LGS പരീക്ഷകൾ നടത്തുന്നത്?
അതോ ഉണ്ടാകുന്ന ഒഴിവുകൾ പിൻവാതിലിലൂടെയോ താല്കാലിക ജീവനക്കാരെകൊണ്ടോ നികത്തുന്നുണ്ടോ?
കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും നിയമനം കിട്ടാത്ത അവസ്ഥയാണ്‌ ഇപ്പൊ കേരളത്തിൽ ഉള്ളത്. ഇങ്ങനെ തുടരെ തുടരെ പരീക്ഷകൾ നടത്തുന്നത് കൊണ്ട് PSC യുടെ ജോലിഭാരവും  ചിലവുകളും വർധിക്കുകയല്ലെ?

ഇതിന്റെ മറ്റൊരു വശം പരിശോധിച്ചാൽ കേരളത്തിൽ അടുത്തിടെ ഉയര്ന്നു വന്ന ഒരു പുതിയ ബിസിനസ്‌ മേഖലയാണ് "PSC കോച്ചിംഗ് സെന്ററുകളും" "ഗൈഡുകളും". കേരളത്തിൽ അങ്ങോളമിങ്ങോളം ബ്രാഞ്ചുകളും സ്വന്തമായി ഗൈഡുകളും പ്രശസ്തരെന്നു അവകാശപ്പെടുന്നവരുമായ അദ്ധ്യാപകർ നയിക്കുന്ന ഒരുപാട് കോച്ചിംഗ്  സെന്ററുകൾ ഇപ്പൊ നാട്ടിൽ വ്യാപകമാണ്. അവയിൽ തന്നെ ഓരോ പ്രത്യേകം പരീക്ഷകൾക്കും പ്രത്യേകം പ്രത്യേകം ക്ലാസ്സുകളും ഗൈഡുകളും.
ഇത് ഒരുതരം മാഫിയ പ്രവര്ത്തനം പോലെ വ്യാപിച്ചിരിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

15 ലക്ഷം വരുന്ന ഉദ്ധ്യോഗാർഥികളിൽ 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിൽ  ഉദ്ധ്യോഗാർഥികൾ ഇതുപോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നാണ് അനൗധ്യോഗിക കണക്കുകൾ. ഇവിടങ്ങളിലെ ഫീസ്‌ 5000 രൂപ മുതൽ മുകളിലേക്ക് സ്ഥാപനത്തിന്റെ പേരും പെരുമയും അനുസരിച് കൂടിക്കൊണ്ടിരിക്കും. അതുപോലെ തന്നെ "തൊഴിൽ പ്രസിദ്ധീകരണങ്ങളും ഗൈഡുകളും".  ഓരോ ഗൈഡിനും 200 രൂപക്കും 500 രൂപക്കും ഇടയ്ക്കു വിലയുണ്ട്. 3 - 4 ലക്ഷം ഉദ്ധ്യോഗാർഥികൾ ഈ ഗൈഡുകൾ ആശ്രയിച് പഠിക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു LDC / LGS വിജ്ഞാപനം വഴി കേരളത്തിൽ നടക്കുന്നത് കോടിക്കണക്കിനു രൂപയുടെ ബിസിനസ്‌ ആണ്.  വിജ്ഞാപന കാലാവധി കുറയുന്നതനുസരിച്ചു ഈ ബിസിനെസ്സിന്റെ ലാഭവും കൂടും.
ഈ വാർത്തകൾ ഒന്നും പുറത്തു വരാത്തത് ഒരുപക്ഷെ മുൻനിര പത്ര മാധ്യമങ്ങൾ ഉൾപ്പെടെ തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാകണം!.

അപ്പോൾ പ്രധാനമായും ഉണ്ടാകുന്ന സംശയം ആര്ക്ക് വേണ്ടിയാണു ഇപ്പൊ രണ്ടു വര്ഷം കൂടുമ്പോൾ PSC പരീക്ഷകൾ നടത്തുന്നതും വിജ്ഞാപനം പുറപ്പെടുവിക്കുന്നതും?.

മലയാളിയുടെ സർക്കാർ ജോലി എന്ന ഭ്രമത്തെ മുതലെടുക്കുന്ന ഒരുപാട് കൂട്ടർ ഇവിടെ ഉണ്ടെന്നുള്ളത് തികച്ചും യാഥാർത്ഥ്യം.

ഇതിനെകുറിച് കേരള ഗവന്മേന്റ്റ് ഒരു അന്വേഷണം നടത്തി LDC / LGS പരീക്ഷകൾ കുറഞ്ഞത്‌ 4 വർഷത്തിലൊരിക്കൽ വിജ്ഞാപനം നടത്തുകയോ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി മെയിൻ ലിസ്റ്റ് തീരുന്നത് വരെയാക്കാനോ നടപടി എടുക്കേണ്ടിയിരിക്കുന്നു.

റാങ്ക് ലിസ്റ്റുകളും പരീക്ഷകളും മാത്രം നടത്തുന്ന ഒരു ഭരണഘടന സ്ഥാപനം മാത്രമാണോ PSC ?
റാങ്ക് ലിസ്റ്റിൽ കടന്നു കൂടുന്നവരിൽ 75% പേർക്കെങ്കിലും നിയമനം കിട്ടുന്നു എന്ന് ഉറപ്പു വരുത്തണ്ടേ?
പിൻവാതിൽ നിയമനങ്ങൾ തകർത്താടുന്ന ഈ കാലഘട്ടത്തിൽ അത് തടയുവാനും  ഒഴിവുള്ള തസ്തികകൾ യഥാസമയം നേരായ വഴിയിൽ നികത്താനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.

ഒപ്പ്...
ഒരു ഉദ്ധ്യോഗാർഥി

Thursday, August 22, 2013

വരൂ നമുക്ക് പ്രണയിക്കാം..

വരൂ നമുക്ക് പ്രണയിക്കാം..
പ്രണയ സാഗരത്തില്‍ നീരാടാം..
 അസ്തമയ സൂര്യനെയും കണ്ടു കടല്ക്കരയിലെ പഞ്ചാര മണലില്‍
നിന്റെ മടിയില്‍ തലചായ്ച്ചെനിക്ക് കിടക്കണം....
നെറുകയില്‍ തലോടുന്ന നിന്റെ കൈ കവര്‍ന്നെനിക്കാ കയ്യില്‍ ചുംബിക്കണം.....
മറികടന്നു പോകുന്ന സുന്ദരിയുടെ പിന്നാലെ പായുന്ന
 എന്റെ കണ്‍കോണുകളെ കരതലം കൊണ്ട് നിനക്ക് മറയ്ക്കാം......
ഇണങ്ങാം.... പിണങ്ങാം.... പഞ്ചാര വാക്കുകള്‍ പറയാം....
മഴ തോര്ന്നൊരു സായാഹ്നത്തില്‍ കയലോരാതെ ഗുല്‍മോഹര്‍ പൊഴിയുന്ന
ആ നടപ്പാതയില്‍ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍
തോളോട് തോള്‍ചേര്‍ന്ന് നമുക്ക് നടക്കാം..

ഫോട്ടോ കട്ടത് ഫ്രം ഗൂഗിള്‍ അമ്മായീസ് ഗ്യാലറി
ഇരുളിന്റെ അകമ്പടിയുള്ള നിശബ്ദമാമൊരു സിനിമാകൊട്ടകയില്‍
നിന്നെ എന്റെ തോളിലേക്ക് ചായ്ച്ചു കപ്പലണ്ടിയും കൊറിച്ചുകൊണ്ടിരിക്കാം...
തുഴയില്ലാത്തൊരു തോണിയില്‍ പുഴയുടെ നടുവില്‍ അലസമായങ്ങനെ ഒഴുകാം...
കൈക്കുമ്പിളില്‍ വെള്ളം കോരി തെറിപ്പിക്കാം....
ആരും കാണാതെ ആ കലാലയ മുറ്റത്തെ മുത്തശ്ശി മാവിന്‍ ചുവട്ടില്‍
നമുക്കൊരുപാടു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാം...
പാതിരാ നേരം വരെ മൊബൈലില്‍ കിന്നാരം പറഞ്ഞുറങ്ങാം....
തേയില ചെടികള്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കുന്നുകയറിപ്പോകാം...
മഞ്ഞിന്റെ വലയുള്ള പച്ച വിരിച്ച പുല്‍മേടുകളില്‍
നിനക്കെന്റെ മാറില്‍ തലചായ്ച്ചു മാനം നോക്കി കിടക്കാം...

എന്റെ സങ്കല്പ പ്രണയിനീ നിനക്കായ്‌ ഞാനിതാ കാത്തിരിക്കുന്നു...
ഈ പറഞ്ഞതെല്ലാം നിനക്ക് സമ്മതമെങ്കില്‍ വരൂ പ്രിയേ..
നിനക്ക് ഞാനെന്റെ പ്രണയം പകര്ന്നു തരാം..
വരൂ നമുക്ക് നിലാവെളിച്ചത്തില്‍ മലമുകളിലേക്ക് ചേക്കേറാം...
നക്ഷത്രങ്ങളോട് കിന്നാരം പറയാം മേഘങ്ങളെ  തൊട്ടുരുമ്മാം....
പുലര്കാലെ എഴുന്നേറ്റു കുഞ്ഞരുവികളില്‍ നീരാടാം...


പ്രിയേ നിനക്കായി ഞാന്‍ കാത്തിരിക്കാം. എന്റെ ജീവിതം ധന്യമാക്കാന്‍ നിനക്ക് കഴിയുമെങ്കില്‍..




Saturday, April 27, 2013

എന്റെ മുഖപുസ്തക താളിലെ അജ്ഞാത യാത്രിക

എന്റെ മുഖ പുസ്തക താളുകളിലേക്ക് വഴിതെറ്റി വന്നു കയറിയ ഒരു യാത്രികയായിരുന്നു അവൾ. അക്ഷരങ്ങള്ക്ക് പിന്നിലെ അജ്ഞാതയെ സൌഹൃദത്തിന്റെ ലോകത്തിലേക്ക്‌ കൈപിടിച്ച് നടത്തി. ആകാശത്തിന്റെ കീഴിലെ അനന്തതകളെ കുറിച്ച് അവൾ വാചാലയായി. വഴിവക്കിൽ ഒരുനാൾ അജ്ഞാതയെ നേരിൽ കണ്ടുമുട്ടി. സൌഹൃദത്തിന്റെ ചില്ലകളിൽ പൂക്കളും കായ്കളും ഒരുപാട് വിടര്ന്നു കൊഴിഞ്ഞു. പിന്നെയുമൊരുപാട് നാൾ. 
ഒടുവിലൊരുനാൾ ഒരുപാട് ചോദ്യങ്ങള്ക്ക് ഉത്തരം പറയാൻ അവൾക്കു സമയമില്ലതായപ്പോ ഞാൻ മനസ്സിലാക്കി, പുതിയ മേച്ചിൽ പുറങ്ങൾ തേടി വിശാലമായ ലോകത്തിൽ അലയുന്ന അവളുടെ ചവിട്ടു പടികളിൽ ഒന്ന് മാത്രമായിരുന്നു ഞാനെന്നു. ഒരുപാട് മധുരിക്കുന്ന ഓർമകളുമായി ഒരു ചവിട്ടു പടിയായി മറ്റുള്ളവര്ക് മുന്നില് നിസ്വാര്തനായി ഞാനിന്നും.. ഇവിടെ...
അവളിന്ന് ആരുടെയൊക്കെയോ ലോകത്തിൽ അക്ഷര പ്രകാശം വിതറുന്നുണ്ടാകണം   


(എനിക്കും ഉണ്ടായിരുന്നു.. എന്റെ സ്വന്തമെന്നു ഞാൻ കരുതിയ ഒരു അജ്ഞാത..)


സ്വന്തം ബഷീര് തോന്നക്കൽ 

Friday, March 8, 2013

ഞാന്‌ തെമ്മാടി..


കൈ നിറയെ കിട്ടിയ ഗാന്ധി തലയുടെ ആവേശത്താല്‍ ചോരത്തുള്ളികള്‍ കയ്യിലേക്ക് ഒഴുകിയത് അറിഞ്ഞില്ല കൈക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതങ്ങള്‍ കണ്ടില്ല.. വേര്പെടുതിയെടുത്ത ശരീര ഭാഗങ്ങള്‍ ഹരമായിരുന്നു.
എനിക്ക് പകയായിരുന്നു. ഈ ലോകത്തോട്‌, ആര്‍ക്കും വേണ്ടാത്ത എന്നെ വളര്‍ത്തിയ തെരുവിനോട്.. തന്തക്കു പിറക്കാത്തവന്‍ എന്ന് വിളിച്ച ജനങ്ങളോട്,
മുന്നിലേക്ക്‌ നീണ്ടു വരുന്ന വാള്മുനകളില്‍ നിന്നും വെട്ടിയോഴിയുംപോള്‍ ആവേശമായിരുന്നു. പിന്നിലൂടെ വന്നൊരു ഇരുമ്പ് കമ്പി നട്ടെല്ലിനു ഇടയില്‍ തുള വീഴ്ത്തിയപ്പോഴും ശരീരത്തില്‍ നിന്നും അവയവങ്ങള്‍ വേര്‍പെട്ടു പോയപ്പോഴും വേദന എന്താണെന്ന് അറിഞ്ഞില്ല കണ്ണടയുമ്പോള്‍ മുന്നില്‍ കണ്ടത് സ്വന്തം ശരീരത്തില്‍ നിന്നും ഒഴുകിപ്പരക്കുന്ന ചോരയായിരുന്നു...


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....