Sunday, June 24, 2012

കപ്പക്കുല ഓപറേഷന്‍.

ഇതില്‍ പറഞ്ഞിരിക്കുന്ന സംഭവം എന്റെ കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും സ്വന്തം അനുഭവമായി തോന്നിയാല്‍ സംശയിക്കേണ്ട. അതെ അത് നിങ്ങളെക്കുറിച്ച് തന്നെയാ.. നാളെയും എനിക്ക് നിങ്ങലോടോത്തു നടക്കണം എന്നുള്ളതിനാലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കൂട്ടാനോ കുറയ്ക്കാനോ താല്പര്യമില്ലാതതിനാലും എന്തായാലും ഞാന്‍ നിങ്ങടെ  ഒറിജിനല്‍ പേര് വച്ചിട്ടില്ല..

 സംഭവം നടക്കുന്നത് കൊറേ കൊല്ലം മുന്പാ എന്നച് അങ്ങനെ വലിയ കൊല്ലോന്നും ആയില്ല ഒരു എട്ടു ഒന്‍പതു.. അത്രന്നെ... എന്താ അത് പോരെന്നുണ്ടോ.. ഇല്ലെങ്കില്‍ ഒരു രണ്ടു കൊല്ലം നിങ്ങടെ വകയായി കൂട്ടിക്കോ.  

ടീം അംഗങ്ങള്‍ മൂന്നു പേര്‍,
‍എല്ലാരും അല്ലറ ചില്ലറ നാട് തെണ്ടലും തല്ലിപ്പൊളിയും ഫാനിന്റെ പരിപാടിയും (കറക്കം) ഒക്കെ ആയിട്ടങ്ങനെ നടക്കുന്ന കാലം..
നാട്ടുകാരുടെ "കണ്ണില്‍ ഉണ്ണികളും" "പരോപകാരി" (?!!!! പിന്നേയ്...) കളും ആയതിനാല്‍ നാട്ടുകാര്‍ അരുമയോടെ കായും പൂവും ചേര്‍ത്തും വീണ്ടും സ്നേഹം കൂടുമ്പോള്‍ കൊടുങ്ങലൂര്‍ ഭാഷയും പ്രയോഗിക്കാറുണ്ട്
അങ്ങനെയിരിക്കെ സംഘത്തില്‍ ഒരുവന്‍ ഒരു ദിവസം ഒരു വമ്പന്‍ കണ്ടു പിടുത്തം നടത്തി...
ദാമോദരന്‍ മാഷിന്റെ വീടിനു പിന്നിലുള്ള പറമ്പില്‍ ഒരു കപ്പവാഴക്കുല പാകമായി നിക്കുന്നു. 
ഇവന്‍ നോക്കിയപ്പോ നമ്മുടെ കപ്പ വാഴയുടെ ചെമന്നു തുടുത്ത 'മോള്' നമ്മുടെ ലവനെ നോക്കി ചിരിച്ചത്രേ..
ലവനാണെങ്കി തിരിച്ചു ചിരിച്ചു പോലും..
ദാ കെടക്കണ്, ലപ്പം മുതല്‍ ലവന് വഴക്കുലയോട് വല്ലാത്ത പ്രേമമായി പോയെന്നു... 

എന്തായാലും എവന്‍ ചുമ്മാ ഇരുന്നില്ല ബാക്കി രണ്ടുപേരോടും ഭംഗിയായി പൊടിപ്പും തൊങ്ങലും പിന്നെ മറ്റെന്തൊക്കെയോ കൊറേം കൂടി ചേര്‍ത്തങ്ങു വിശദീകരിച്ചു...
കേട്ട പാതി കേക്കാത്ത പാതി എല്ലാരുടെയും മനസ്സില്‍ പൂത്തിരിയും അമിട്ടും എല്ലാം ഒന്നിച്ചു കത്തി....

ഒരുമിച്ചുള്ള സഹവാസം മൂലം എല്ലാത്തിന്റെയും ബുദ്ധിയും ചിന്തയും എല്ലാം ഒരു പോലെയയതോണ്ട് എല്ലാ തലകളിലെയും ചിന്ത പോയത് നമ്മുടെ നാഷണല്‍ ഹൈവേ ബൈപാസ്സ് വഴി തന്നെ തന്നെ.. ഏത്.. "അടിച്ചു മാറ്റല്"('അന്ന്ന്ന്ങ്ങനെ പറയരുത്... തിന്നാന്‍ വേണ്ടി പുള്ളി കാണാതെ എടുക്കുന്നതല്ലേ... ') 

കപ്പപ്പഴം കാണുന്നത് തന്നെ വാസുവണ്ണന്റെ കടയില്‍ വില്‍ക്കാനായി തൂക്കിയിട്ടിരിക്കുന്നതാ. അവിടെ പഴം വാങ്ങണമെങ്കില് കപ്പ  ‍    പഴത്തിനു കിലോക്ക് മുപ്പത്തഞ്ചു രൂപ കൊടുക്കണം, അതോ വലിയ സാറന്മാര് മാത്രമേ മേടിക്കൂ... നമ്മളെങ്ങാനും അതില്‍ നോക്കിയാല്‍ നോക്കുകൂലി കൊടുക്കേണ്ടി വരും എന്ന ഭാവമാ ഈ വാസുവിന്. പ്രദേശത്തെ ചായക്കട കം ബേക്കറി ആന്‍ഡ്‌ ഫ്രൂട്സ് കട അങ്ങേര്‍ക്ക്‌ മാത്രമേയുള്ളൂ അതിന്റെ അഹങ്കാരാ.....

സാറിന്റെ പറമ്പില്‍ നിന്നും അടിച്ചു മാറ്റിയാല്‍...
ഹോ എന്റെ ദൈവമേ.. പഴം തിന്നു നമ്മളിപ്പോ ചാകും,
എല്ലാത്തിന്റെയും നാവില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളമൊന്നും നിറഞ്ഞില്ലെങ്കിലും മിനിമം ഒരു ബോട്ടെങ്കിലും ഓടിക്കാംഎന്നായി... (ഓടിക്കാമോ??  ഇല്ലെങ്കി നമുക്ക് പേപ്പര്‍ ബോട്ട് ഉണ്ടാക്കി ഓടിക്കാം)

കപ്പപഴമായി പിന്നെ സ്വപ്നം..
പ്ലാനിംഗ് തകൃതിയായി നടന്നു...

രണ്ടീസതിനകം കൊല പഴുക്കുമെന്നു ദ്രിസാക്ഷി (ഞമ്മടെ കാമുകന്‍..)  വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ "ഓപറേഷന്‍ കപ്പക്കുല" നടത്തണമെന്ന് യോഗം ഐക്യഖണ്ടെന അഭിപ്രായപ്പെട്ടു.. 

കുല അടിച്ചു മാറ്റണം, പഴുക്കുന്നതു വരെ ഒളിപ്പിക്കണം, ഒരാഴ്ച കുശാലായി തിന്നണം, തുടങ്ങി പഴം തിന്നു പഴത്തൊലി അയല്‍വക്കത്തെ ആട്ടിന്‍ കുട്ടിക്ക് കൊടുത്ത് അത് വളര്‍ന്നു വലുതായി അതിനെ അടിച്ചു മാറ്റി മട്ടന്‍ ബിരിയാണി വക്കുന്നത് വരെ പ്ലാന്‍ ചെയ്തു.
 
എല്ലാ സെറ്റപ്പും റെഡി ആക്കി രാത്രിയാകാന്‍ കാത്തിരുന്നു. മോഷണത്തിന് പറ്റിയ സമയം രാത്രിയാണല്ലോ (പകല് ചെന്നാല്‍ ജീവനോടെ തിരിച്ചു പോരില്ല എന്ന ഉറപ്പുള്ളത് കൊണ്ട് പരിപാടി രാത്രിയാക്കിയതാ...)

"പാതിരാത്രി" ഒരു പത്തു പത്തര ആയിക്കാണും (കൊല മോഷ്ടിക്കാന്‍ പ്ലാന്‍ പ്ലാന്‍ ചെയ്തു കാത്തിരുന്നത് നോക്കിയാല്‍ ഇതിപ്പോ രാത്രിയും കഴിഞ്ഞു നേരം വെളുക്കുന്ന ദൈര്‍ഘ്യം തോന്നും.. അപ്പൊ അതും പാതി രാത്രിയാ)
നേരെ വച്ച് പിടിച്ചു ദാമോദരന്‍ മാഷിന്റെ പറമ്പ് ലക്ഷ്യമാക്കി. അവസാനം ആരുടേയും കണ്ണില്‍ പെടാതെ പറമ്പില്‍ എത്തി.. വീടിന്റെ പിന്നില്‍ തെന്നെയാ വാഴ നില്‍ക്കുന്നത്.. സാറിന്റെ വീടിന്റെ പിന്നില്‍ വേറെ വീടുകള്‍ ഇല്ലാത്തതു കൊണ്ട് പിന്നാമ്പുറത്ത് വെളിച്ചത്തിന്റെ ഒരു നിഴല്‍ പോലുമില്ല, 

വലിയ ശബ്ദമൊന്നും ഉണ്ടാക്കാതെ വഴച്ചുവട്ടില്‍ എത്തി.. 
ആ ഇരുട്ടില്‍ ദാ തിളങ്ങി നില്‍ക്കുന്നു ഒരു തടിച്ചു കൊഴുത്ത ചുവന്ന കപ്പക്കുല...
ഹെന്റമ്മേ ഒരു ഒന്നൊന്നര കൊല.. യമണ്ടന്‍ തന്നെ... ചമ്ന്നു തുടുത്ത കൊല എല്ലാരേയും നോക്കി ചിരിച്ചു.. അപ്പൊ ലവന് പ്രേമം തോന്നിയത് ചുമ്മാതല്ല... 
ഇങ്ങനെയൊരു സാധനം ഈ നാട്ടില്‍ ഇത്രയും നാള്‍ വളര്‍ന്നു വന്നിട്ട് തങ്ങള്‍ അറിഞ്ഞില്ലെന്നോ... ഹെന്ത്...
പഴയ ആ ബോട്ട് വീണ്ടും എല്ലാരുടെയും വായിലെത്തി ഇപ്പൊ രണ്ടു സര്‍വീസും നടത്തി

" സാറേ.. സാറിന്റെ ഈ കുല ഞങ്ങള്‍ അങ്ങ് എടുക്കുവാനേയ് ഇനി പിന്നീട് പറഞ്ഞില്ലാന്നു പറയരുത്... ഇത്രയും നല്ല ഒരു കൊല നാട്ടു നനച്ചു വളര്‍ത്തിയതിനു ഡാന്ക്സ്..."
എന്തായാലും പാവം നാട്ടു നനച്ചു വളര്‍ത്തിയ സാറിനോട് പതിഞ്ഞ ശബ്ദത്തില്‍ അനുവാദവും ചോദിച്ചു.. ചോദിക്കാതെ എടുക്കുന്നത് മോശമല്ലേ...   'പിന്നേ. പിന്നേ... മോശമാ...'

 കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന സാറിനു അത് കേള്ല്കാന്‍ പറ്റാത്തത് ഇവന്മാരുടെ കുഴപ്പമല്ല..
പാവം.. നാട്ടു നനച്ചു പഴുക്കാന്‍ കാത്തിരിക്കുകയാവും.. സാറിനു അറിയില്ലല്ലോ ഇത് "താങ്ങാന്‍" ലെവന്മാര് വന്ന കാര്യം... 

കുലയെ കണ്ണുകള്‍ കൊണ്ട് അളന്നിട്ടും ലെവന്മാര്‍ക്ക് മതിയാകുന്നില്ല...

എല്ലാവനും കുലയെ തൊട്ടും തലോടിയും പഴം എണ്ണിയും കുലയെ ആസ്വദിച്ചു. പഴുക്കാനൊന്നും കാത്തു നില്‍ക്കേണ്ട പറ്റിയാല്‍ ഇപ്പൊ തന്നെ തിന്നാം... അത്രക്കുണ്ട് ലവന്മാരുടെ ആക്രാന്തം.. 

അപ്പൊ ദേ മെയിന്‍ കുലുമാല്...
പ്ലാനിങ്ങും ശ്രമവും എല്ലാം ഓക്കേ..
"എങ്ങനെ കൊല വാഴയില്‍ നിന്നും വേര്‍പെടുത്തും..."
"കത്തി" എന്ന് പറയാന്‍ സാധനം എടുത്തിട്ടില്ല.. ...  പ്ലാനിങ്ങിലൊന്നും ഇല്ലാത്ത സബ്ജെക്റ്റ്.. ആക്രാന്തത്തില്‍ അത് മറന്നു പോയി..
ഈ പ്ലാനിങ്ങില്‍ അങ്ങനെ ഒരു ഐഡിയ ഒരുത്തനും തോന്നിയില്ല...അല്ലെങ്കിലും ഇതൊന്നും ആദ്യമേ തോന്നില്ലല്ലോ
ഇനിയിപ്പോ തിരിച്ചു പോയി കത്തിയെടുക്കാനോന്നും  പറ്റില്ല. അല്ലെങ്കില്‍ തന്നെ പണ്ടേ ടെറസിലാ ഒറക്കം... ടെറസില്‍ ഉറങ്ങുന്നവന്മാരോട് വീടിനകത്ത് നിന്നും കത്തിയെടുക്കാന്‍‍ പറഞ്ഞാല്‍ എങ്ങനാ...

ഇതിന്റെ തണ്ടാനെന്കില്‍ ഒരു കൊച്ചു തുമ്പിക്കയ്യുടെ അത്ര വണ്ണം കാണും... 

 എന്തായാലും വിട്ടു കളയാന്‍ പറ്റില്ല.. മൂന്നും കൂടെ കൊലയില്‍ തൂങ്ങി വലിച്ചു നോക്കി.. വാഴ മൊത്തത്തില്‍ ഒടിഞ്ഞു വീഴും എന്ന നിലയയാപ്പോള്‍ പിടി വിട്ടു.. മൊത്തത്തില്‍ ഒടിഞ്ഞാല്‍ നിശബ്ദമായ അന്തരീക്ഷത്തില്‍ കരിയില ഞരങ്ങുന്ന ശബ്ദം ഉണ്ടാകും... അല്ലെങ്കില്‍ തന്നെ വഴയുല്പെടെ ചുമന്നു കൊണ്ട് പോകാനും പറ്റില്ല... (എന്നിട്ട് വേണം ഇനി വാഴക്കള്ളന്‍ എന്നാ പേര് കൂടി വീഴാന്‍... "നമുക്ക് വേണ്ട വല്ലവന്റെയും വാഴ..)

മൂന്നെണ്ണവും പരിസരം തപ്പാന്‍ തുടങ്ങി.. വല്ല മൂര്‍ച്ചയുള്ള എന്തെങ്കിലും കിട്ടിയെങ്കില്‍ ഈ കുല മുറിക്കാമായിരുന്നു.. വല്ല കത്തിയോ ആയുധമോ പുറത്ത്‌ ഉണ്ടോ എന്നറിയാന്‍ വീടിന്റെ ചുറ്റുവട്ടവും എല്ലാവനും കറങ്ങി നോക്കി.
എവിടെ.. ഒന്നും കാണാനില്ല ചുറ്റിനും ഇരുട്ട് മാത്രം..
"ഈ സൂര്യന് ഒരു അഞ്ചു മിനുട്ടതെക്ക് ഒന്ന് ഉദിച്ചിരുന്നെങ്കില്‍. " (ഇവനൊക്കെ മൂര്‍ച്ചയുള്ള സാധനം തപ്പാന്‍ വെളിച്ചമില്ലെന്നു വച്ച് സൂര്യന് പാതിരാത്രി കേറി ഉദിക്കാന്‍ പറ്റുമോ...)
തപ്പി നടന്നു തളര്‍ന്നു..
ഒരുവന്‍ ഒരു ഉരുളന്‍ കല്ല്‌ വരെ എടുത്ത് കൊല മുറിച്ചു നോക്കി.. മറ്റൊരാള്‍ നഖം കൊണ്ട് പരീക്ഷണം നടത്തി...
കൊല മുറിഞ്ഞില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ഒരല്പം നഖം കൂടി കൊല കൊണ്ട് പോയി.. അവസാനം ദാമോദരന്‍ മാഷിനെ തന്നെ ഉണര്‍ത്തി കത്തി ചോദിച്ചാലോ എന്ന് വരെ ലെവന്മാര്‍ ചിന്തിച്ചു.. ചോദിക്കാത്തത് നന്നായി..

അ സാനം തിരച്ചില്‍ മതിയാക്കാം എന്ന് കരുതിയപ്പോ ഒരു തറയില്‍ ഒരു തിളക്കം കണ്ടു
"ഒരു ഏഴു മണി ബ്ലൈഡ്" (i- 7'o clock)
ബ്ലേഡ് കണ്ടവന്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ പാകത്തില്‍ അലറി... യുറേക്കാ..  യുറേക്കാ..
കൊറച്ചൂടെ ഒച്ചത്തിലായിരുന്നെങ്കില്‍ സാര്‍ ഉണര്ന്നെനെ.. പിന്നെ ഇവന്മാര്‍ എല്ലാം ഇതിനെക്കാള്‍ ഒച്ചത്തില്‍ അലറുന്നത് കേള്‍ക്കാമായിരുന്നു..
എന്തായാലും ആ ചാന്‍സ് മിസ്സ്‌ ആയി..

എല്ലാം ചടു പിടെന്നായിരുന്നു. ബ്ലേഡ് കിട്ടിയവന്‍ കൊല മുറിക്കാനും മറ്റവന്മാര്‍ കൊല താങ്ങാനും തയ്യാറായി നിന്നു.. മുറിഞ്ഞില്ലെകിലും വേണ്ടില്ല ഇപ്പൊ കൊല കൊണ്ട് പോകുമെന്ന മട്ടിലാ ഇവന്മാരുടെ നില്‍പ്പ്..
ക്ടിം...
കൊലയില്‍ ബ്ലേഡ് വച്ച് ശക്തിയായി ഒന്ന് വരഞ്ഞപ്പോ തന്നെ ബ്ലേഡ് മൂന്ന് പീസ്.. ആ സമയത്തെ ലവന്മാരുടെ മുഖഭാവം നിങ്ങള്ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങ് സങ്കല്പിച്ചോ അല്ലാതെ കാണാന്‍ നേരത്തെ പറഞ്ഞ കണക്ക് സൂര്യനോന്നും ഉദിക്കാന്‍ പറ്റില്ല,,,
ആ പ്രതീക്ഷയും പോയി.. എല്ലാത്തിന്റെയും കൊല പ്രതീക്ഷ അസ്തമിച്ചു.. സമയമാണെങ്കില്‍ ഏറെ രാത്രിയുമായി.

വയ്യ ഇനി നില്ക്കാന്‍ വയ്യ.. മോഷണത്തിന്റെ ടെന്‍ഷനും ആയുധം തിരച്ചിലും ആയി എല്ലാവനും തളര്‍ന്നു..
ഒരു പാട് കൊതിച്ചും സ്വപ്നം കണ്ടും വന്നതാ.. അവസാനം "കാമുകന്‍" വരെ തളര്‍ന്നു.. (ഹോ.. ഈ മോഷണം എന്ന് പറയുന്നത് വലിയ കഷ്ട്ടപാട് തന്നെയാ..)
സംഘം അടിയന്തിര യോഗം ചേര്‍ന്നു
"എന്തായാലും ഇന്നത്തെ ശ്രമം ഉപേക്ഷിക്കാം.. കൊല മിക്കവാറും രണ്ട് ദിവസം കഴിഞ്ഞേ പാകമാകൂ.. നമുക്ക് നാളെ കത്തിയുമായി വരാം.. "
എന്തുമാത്രം പ്ലാന്‍ ചെയ്തു.. എന്ത് മാത്രം കഷ്ടപ്പെട്ടു.. കൊല സ്വന്തമാക്കാന്‍. ഇനി ഇപ്പൊ നാളെ വരെ കാത്തിരികകണ്ടേ.. എന്തായാലും കാത്തിരിക്കാം..

പിറ്റേന്ന് പതിവുപോലെ സംഘം നാല് മണിക്ക് തന്നെ ഒത്തു കൂടി രാത്രിയെപ്പറ്റി ആലോചിച്ചു... പ്ലാനിംഗ് കൊഴുത്തു.. ഒരു കത്തിക്കു പകരം വേണമെങ്കില്‍ രണ്ടു കത്തിയും ഒരു കോടാലിയും എടുക്കാമെന്നായി. (ഇനി ഇപ്പൊ കത്തി കൊണ്ട് മുറിഞ്ഞില്ലെങ്കിലോ)

എന്തായാലും പ്ലാനിംഗ് കഴിഞ്ഞു സംഘം ഓരോ ചായ കുടിക്കാനായി പഴയ ആ വാസു അണ്ണന്റെ കടയില്‍ തന്നെ എത്തി..
തൂങ്ങിയാടുന്ന പഴക്കുലകളെ കണ്ണ് കൊണ്ട് ഉഴിഞ്ഞു രാത്രി സ്വന്തമാക്കാന്‍ പോകുന്ന കപ്പക്കുലയെ സ്വപ്നം കണ്ടു ഓരോ ചായ ഓര്‍ഡര്‍ ചെയ്തു..

റൊട്ടേറ്റു ചെയ്തു കൊണ്ടിരുന്ന എല്ലാവന്റെയും കണ്ണ് പെട്ടെന്നാണ് ഏറ്റവും പിന്നിലായി തൂങ്ങിയാടുന്ന കുലകളിലോന്നില്‍‍ ഉടക്കിയത്.
ഡിം... നമ്മുടെ ദുബായ് ട്രേഡ് സെന്ററിന്റെ മുകളില്‍ നിന്നും താഴേക്കു എടുത്തെറിഞ്ഞ അനുഭവമായിരുന്നു...
അതെ.. അത് തന്നെ.. ഇന്നലെ രാത്രി കഷ്ടപ്പെട്ട മുറിക്കാന്‍ കഴിയാതെ പോയ ആ കുല... ഏതു പാതിരാത്രി കണ്ടതാനെന്കിലും ശരി അതിനി എത്ര ദൂരത്തു നിന്നും കണ്ടാലും ഇവന്മാര്‍ക്ക് മനസ്സിലാകും.. അത്രക്കല്ലായിരുന്നോ കണക്ക് കൂട്ടലുകള്‍
ദൈവമേ എല്ലാം ചതിച്ചല്ലോ,
അപ്പോഴത്തെ അവന്മാരുടെ മുഖം കണ്ടാല്‍ സ്വന്തം തന്തപ്പടി മരിച്ചാല്‍ പോലും ഇത്രയും വിഷമം ഉണ്ടാകാത്ത ഫീലിംഗ്സ്. ‍

(പകല്‍ എപ്പോഴോ മാഷ്‌ പാകമായ കപ്പക്കുല വെട്ടിയെടുത്ത്‌ വാസുവണ്ണന്‍ന്റെ കടയില്‍ കൊണ്ട് വിറ്റിരുന്നു. അത് ഈ പാവങ്ങള്‍ അറിഞ്ഞില്ലല്ലോ)

പിന്നാമ്പുറം : എന്തായാലും ഇവന്മാര്‍ മുപ്പതന്ച്ചു രൂപ എവിടുന്നോക്കെയോ ഉണ്ടാക്കി ആ കുലയില്‍ നിന്നും ഒരു കിലോ പഴം വാങ്ങി തിന്നു നിര്‍വൃതി അടഞ്ഞു..

5 comments: