Saturday, June 7, 2014

സാഹിത്യം തേടി....


എന്റെയുള്ളിലെ കലാ ഹൃദയം എനിക്കിവിടെ  തുറന്നിടണം.  അനുകരണമില്ലാത്ത ഒരു സൃഷ്ടി ഞാൻ വാർത്തെടുക്കും . എന്റെ സാഹിത്യം ലോകം അറിയപ്പെടുന്നതാകും. ചെറുകഥകളിൽ തുടങ്ങി നോവലും നിരൂപണങ്ങളുമായി സാഹിത്യ ലോകത്തെ ഒഴിച്ച് കൂടാനാകാത്ത പ്രതിഭാധനനായി മാറും ഞാൻ. പിന്നെയീ നാടിന്റെ സംസ്കാര സാഹിത്യങ്ങൾ എന്റെ കയ്യിലൂടെ മാത്രം ഒഴുകിയിറങ്ങും.. 

ഓർത്തോർത്തു ഞാൻ ഒന്ന് പൊട്ടിച്ചിരിക്കട്ടെ... 

 എന്റെ വിഷയങ്ങൾ ആരും ഇത് വരെ കൈ വെച്ചിട്ടില്ലാത്ത മേഘലകളിൽ തന്നെയാകട്ടെ... 
ആദ്യം ഞാനൊന്നു ലോകം കറങ്ങി വരാം. എന്റെ കഥാ തന്തു ഞാനൊന്നു തിരയട്ടെ. ആരും ഇത് വരെ എഴുതിയിട്ടില്ലാത്ത, എഴുതാൻ എനിക്ക് തോന്നുന്ന വിഷയങ്ങൾ... 

ഇതെന്താ സമയം എന്നെയും കടന്നു മുന്നോട്ടു പോകുന്നത്.. മണിക്കൂറിൽ പതിനായിരം കിലോമീറ്റെർ വേഗത്തിൽ ഞാനെന്റെ മനസ്സിനെ പായിച്ചിട്ടും ലോകത്തെ സംഭവങ്ങൾ എന്റെ കണ്ണിൽ പെടുന്നില്ല എഴുതാൻ വിഷയമില്ലെ സാഹിത്യ ലോകമേ.. കണ്ടവയിൽ ഒന്നിലും പുതുമയില്ലല്ലൊ.. 


പെയ്തിറങ്ങിയ കുളിർമഴയിൽ പേനയെടുത്ത ഞാൻ അവിടെയും പരാജയപ്പെട്ടു.

മഴനൂലുകളും പുതുമഴയും  പുതുമണ്ണിൻ മണവും പേമാരിയും പ്രളയവും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനൊത്ത് പകുത്തെടുത്തു സാഹിത്യലോകത്തെ തന്റെ സ്വന്തം മാത്രമാക്കിയിരിക്കുന്നു. കരിമുകിലും കാർമേഘവും എന്തിനേറെ... മഴ പതിക്കുന്ന പുഴകളെ പോലും മുങ്ങിത്തപ്പി പേപ്പര് തുണ്ടുകളിൽ വാരി വലിച്ചിട്ടിരിക്കുന്നു.. 
ഇതിലെനിക്കെന്താണിനിയൊരു വിഷയം. 

പ്രണയമേ... നീയെനിക്കൊരു വിഷയമായിരുന്നു. നിന്നെ പകർത്താൻ  എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ... നിന്നെ എഴുതാൻ വാക്കുകൾ കിട്ടുന്നില്ലന്നു പറഞ്ഞവർ പോലും നിന്നെക്കൊണ്ടു മഹാ പരമ്പര നീട്ടിപ്പരത്തി എഴുതിയിരിക്കുന്നു. നിന്നെയവർ സ്നേഹമാക്കി, കാമമാക്കി, ക്രോധമാക്കി, അങ്ങനെ എന്തൊക്കെയോ ആക്കി.. 

ഹേ... പ്രണയമേ.. ഇനിയെന്റെ സാഹിത്യത്തിൽ നിനക്കും ഇടമില്ല.. 

ഗ്രാമങ്ങളിലൂടെ പോയപ്പോ തുളസിക്കതിർ ചൂടിയ ഗ്രാമീണ സുന്ദരിയെ കണ്ടു.. പക്ഷെ...  പെണ്ണെ നിന്റെ കല്പ്പാദത്തിനു അടിയിലെ തൊലി മുതൽ ഉച്ചിയിലെ മുടി വരെ കീറിമുറിച്ചു സാഹിത്യമാക്കിയിരിക്കുന്നു ലോകം.. ഗ്രാമം നഗരങ്ങളിലേക്ക് മാറിയപ്പോൾ ഇരുട്ടിന്റെ മറവിൽ മുല്ലപ്പൂ ചൂടിയ നിന്നിലൂടെ വേശ്യാലയങ്ങളിലെത്തി വ്യഭിച്ചരിച്ചവർ  അതെല്ലാം താളുകളിലാക്കി മേനി നടിച്ചു വില്പ്പനക്ക് വച്ചിരിക്കുന്നു നീ എന്നിൽ വിഷയമായി വേണ്ട പെണ്ണെ.. 


മഴയും പുഴയും കാറ്റും പെണ്ണും പ്രേമവും എല്ലാം മറ്റാര്ക്കൊക്കെയോ വിഷയമായിരിക്കുന്നു.. തൂലികത്തുമ്പിൽ കീറിമുറിച്ചു ചവറ്റു കൊട്ടകളിൽ വലിച്ചെറിഞ്ഞു ചവിട്ടിക്കൂട്ടി ചന്ന ഭിന്നമാക്കി പേപ്പറിലേക്ക്‌ പകര്ത്തി വായനക്കാരന്റെ മുന്നിലേക്ക്‌ യാതൊരു ഔചിത്യവുമില്ലാതെ വിളമ്പി വച്ച വിഷയങ്ങൾ ഒന്നും എന്റെ സാഹിത്യത്തിനു പാത്രമല്ല 

നാറുന്ന ഖദർ ജൂബ്ബയും ഊശാൻ താടിയും വെച്ച് പീഠങ്ങളുടെ  മുന്നില് ചവച്ചു തുപ്പുന്ന ബുദ്ധിജീവികളുടെ ഭാഷയും രീതികളുമാണോ സാഹിത്യം. ഈ സാഹിത്യമാണോ എനിക്ക് വേണ്ടത്?..


വേണ്ട.. ഞാൻ ഇനിയും പഠിക്കട്ടെ... എന്റെ തൂലികക്ക് കിട്ടിയ വിഷയമൊന്നും എഴുതുവാൻ എന്റെ ഭാഷകൾ മതിയാകുന്നില്ല... എനിക്കെന്റെ സാഹിത്യം നിങ്ങളുടെ മുന്നില് അവതരിപ്പിക്കുവാൻ ഞാൻ ഇനിയും കുറെയേറെ ഭാഷകൾ പഠിച്ചു വരാം, ഈ ലോകത്ത് എനിക്കൊരു സാഹിത്യമുണ്ടാക്കാൻ... 1 comment:

  1. കിട്ടിയോ തൂലികയ്ക്ക്‌ പറ്റിയ വിഷയം

    ReplyDelete