Wednesday, January 1, 2014

സർക്കാർ ഉദ്യോഗം - ചില അന്വേഷണങ്ങൾ.

ഒരു ഗവന്മെന്റു ജോലി എന്നത് കേരളത്തിലെ ഓരോ യുവതീ യുവാക്കളുടെയും ജീവിതാഭിലാഷമാണ്. എന്റെ ഒരു സുഹൃത്ത്‌ PSC എക്സാമിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്നത് കണ്ട്, അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിച്ചപ്പോൾ കണ്ട വസ്തുതകൾ.

കഴിഞ്ഞ കുറെ വർഷങ്ങൾ കേരള PSC നടത്തി വരുന്ന പരീക്ഷകളും അവയുടെ പ്രാധാന്യവും എടുത്തു പരിശോധിച്ചപ്പോൾ കിട്ടിയ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.

"സർക്കാർ സർവീസിൽ  കഴിവുള്ള വ്യക്തികളെ" എത്തിക്കാൻ കേരള PSC ഓരോ രണ്ടു /മൂന്നു വർഷത്തിലൊരിക്കൽ ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്ന LDC (Lower Division Clerk) യും LGS (Last Grade Servant) പരീക്ഷയും നടത്തുന്നു.
ഇതിനായി കേരള PSC യെ പ്രേരിപ്പിക്കുന്ന ഘടകം സർക്കാർ സർവീസിൽ  കഴിവുള്ള വ്യക്തികളെ എത്തിക്കുക എന്നത് മാത്രമാണോ??

ആണോ അല്ലയോ എന്നത് നമുക്ക് ഇത് കൂടി കണ്ടിട്ട് തീരുമാനിക്കാം.

2010 ൽ നടന്ന LDC പരീക്ഷയിൽ കേരളത്തിലെ 14 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തിൽ അധികം ഉദ്ധ്യോഗാർഥികൾ പരീക്ഷ എഴുതി. ഓരോ ജില്ലയിലും ശരാശരി 3000 പേരോളം വരുന്ന റാങ്ക് ലിസ്റ്റുകൾ (മെയിനും സപ്പ്ളിമെന്ററിയും ) പ്രസിദ്ധീകരിച്ചതായി കണക്കാക്കിയാൽ തന്നെ മൊത്തം 42000 പേരുടെ ലിസ്റ്റ് PSC പ്രസിദ്ധീകരിച്ചതായി അനുമാനിക്കാം.
അടുത്ത PSC വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ നമുക്ക് പഴയ റാങ്ക് ലിസ്റ്റിലേക്ക് ഒന്ന് കണ്ണോടിക്കാം.

31/12/2013 വരെ ഓരോ ജില്ലകളിലെയും നിയമനം പരിശോധിച്ചപ്പോൾ (മെയിൻ ലിസ്റ്റിലെതു) കിട്ടിയ കണക്കു ഇപ്രകാരമാണ്
തിരുവനന്തപുരം. - 1008
കൊല്ലം - 341
ആലപ്പുഴ - 267
പത്തനംതിട്ട - 320
കോട്ടയം - 363
ഇടുക്കി - 325
എറണാകുളം - 540
തൃശൂർ - 476
പാലക്കാട് - 371
മലപ്പുറം - 520
കോഴിക്കോട് - 275
വയനാട് - 170
കണ്ണൂര് - 321
കാസര്ഗോഡ് - 211

ഈ കണക്കുകൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്.

പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരാൻ പോകുന്ന ഈ അവസരത്തിൽ പഴയ റാങ്ക് ലിസ്റ്റു പ്രകാരം 42000 ത്തോളം പേരില് നിന്നും ഇതുവരെ ജോലിക്ക് കയറിയത് തുച്ചമായ 5508 പേർ മാത്രം. ഫലത്തിൽ റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാത്ത  ബാക്കി വരുന്ന 35000 ത്തിനു മുകളിൽ ഉദ്ധ്യോഗാർഥികൾ വീണ്ടും പരീക്ഷകൾ എഴുതിക്കൊണ്ടേയിരിക്കണം. കൂടെ പുതിയതായി യോഗ്യത നേടിയതും മുന്പ് എഴുതി കിട്ടാത്തവരുമായ 15 ലക്ഷത്തോളം പേർ.

ഇവിടെ ഉയരുന്ന ചോദ്യം കേരളത്തിൽ ഇത്രയും ഒഴിവുകൾ ഇല്ലെങ്കിൽ ആര്ക്ക് വേണ്ടിയാണു മൂന്നു/ രണ്ടു വർഷത്തിൽ ഒരിക്കൽ LDC / LGS പരീക്ഷകൾ നടത്തുന്നത്?
അതോ ഉണ്ടാകുന്ന ഒഴിവുകൾ പിൻവാതിലിലൂടെയോ താല്കാലിക ജീവനക്കാരെകൊണ്ടോ നികത്തുന്നുണ്ടോ?
കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും നിയമനം കിട്ടാത്ത അവസ്ഥയാണ്‌ ഇപ്പൊ കേരളത്തിൽ ഉള്ളത്. ഇങ്ങനെ തുടരെ തുടരെ പരീക്ഷകൾ നടത്തുന്നത് കൊണ്ട് PSC യുടെ ജോലിഭാരവും  ചിലവുകളും വർധിക്കുകയല്ലെ?

ഇതിന്റെ മറ്റൊരു വശം പരിശോധിച്ചാൽ കേരളത്തിൽ അടുത്തിടെ ഉയര്ന്നു വന്ന ഒരു പുതിയ ബിസിനസ്‌ മേഖലയാണ് "PSC കോച്ചിംഗ് സെന്ററുകളും" "ഗൈഡുകളും". കേരളത്തിൽ അങ്ങോളമിങ്ങോളം ബ്രാഞ്ചുകളും സ്വന്തമായി ഗൈഡുകളും പ്രശസ്തരെന്നു അവകാശപ്പെടുന്നവരുമായ അദ്ധ്യാപകർ നയിക്കുന്ന ഒരുപാട് കോച്ചിംഗ്  സെന്ററുകൾ ഇപ്പൊ നാട്ടിൽ വ്യാപകമാണ്. അവയിൽ തന്നെ ഓരോ പ്രത്യേകം പരീക്ഷകൾക്കും പ്രത്യേകം പ്രത്യേകം ക്ലാസ്സുകളും ഗൈഡുകളും.
ഇത് ഒരുതരം മാഫിയ പ്രവര്ത്തനം പോലെ വ്യാപിച്ചിരിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

15 ലക്ഷം വരുന്ന ഉദ്ധ്യോഗാർഥികളിൽ 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിൽ  ഉദ്ധ്യോഗാർഥികൾ ഇതുപോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നാണ് അനൗധ്യോഗിക കണക്കുകൾ. ഇവിടങ്ങളിലെ ഫീസ്‌ 5000 രൂപ മുതൽ മുകളിലേക്ക് സ്ഥാപനത്തിന്റെ പേരും പെരുമയും അനുസരിച് കൂടിക്കൊണ്ടിരിക്കും. അതുപോലെ തന്നെ "തൊഴിൽ പ്രസിദ്ധീകരണങ്ങളും ഗൈഡുകളും".  ഓരോ ഗൈഡിനും 200 രൂപക്കും 500 രൂപക്കും ഇടയ്ക്കു വിലയുണ്ട്. 3 - 4 ലക്ഷം ഉദ്ധ്യോഗാർഥികൾ ഈ ഗൈഡുകൾ ആശ്രയിച് പഠിക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു LDC / LGS വിജ്ഞാപനം വഴി കേരളത്തിൽ നടക്കുന്നത് കോടിക്കണക്കിനു രൂപയുടെ ബിസിനസ്‌ ആണ്.  വിജ്ഞാപന കാലാവധി കുറയുന്നതനുസരിച്ചു ഈ ബിസിനെസ്സിന്റെ ലാഭവും കൂടും.
ഈ വാർത്തകൾ ഒന്നും പുറത്തു വരാത്തത് ഒരുപക്ഷെ മുൻനിര പത്ര മാധ്യമങ്ങൾ ഉൾപ്പെടെ തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാകണം!.

അപ്പോൾ പ്രധാനമായും ഉണ്ടാകുന്ന സംശയം ആര്ക്ക് വേണ്ടിയാണു ഇപ്പൊ രണ്ടു വര്ഷം കൂടുമ്പോൾ PSC പരീക്ഷകൾ നടത്തുന്നതും വിജ്ഞാപനം പുറപ്പെടുവിക്കുന്നതും?.

മലയാളിയുടെ സർക്കാർ ജോലി എന്ന ഭ്രമത്തെ മുതലെടുക്കുന്ന ഒരുപാട് കൂട്ടർ ഇവിടെ ഉണ്ടെന്നുള്ളത് തികച്ചും യാഥാർത്ഥ്യം.

ഇതിനെകുറിച് കേരള ഗവന്മേന്റ്റ് ഒരു അന്വേഷണം നടത്തി LDC / LGS പരീക്ഷകൾ കുറഞ്ഞത്‌ 4 വർഷത്തിലൊരിക്കൽ വിജ്ഞാപനം നടത്തുകയോ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി മെയിൻ ലിസ്റ്റ് തീരുന്നത് വരെയാക്കാനോ നടപടി എടുക്കേണ്ടിയിരിക്കുന്നു.

റാങ്ക് ലിസ്റ്റുകളും പരീക്ഷകളും മാത്രം നടത്തുന്ന ഒരു ഭരണഘടന സ്ഥാപനം മാത്രമാണോ PSC ?
റാങ്ക് ലിസ്റ്റിൽ കടന്നു കൂടുന്നവരിൽ 75% പേർക്കെങ്കിലും നിയമനം കിട്ടുന്നു എന്ന് ഉറപ്പു വരുത്തണ്ടേ?
പിൻവാതിൽ നിയമനങ്ങൾ തകർത്താടുന്ന ഈ കാലഘട്ടത്തിൽ അത് തടയുവാനും  ഒഴിവുള്ള തസ്തികകൾ യഥാസമയം നേരായ വഴിയിൽ നികത്താനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.

ഒപ്പ്...
ഒരു ഉദ്ധ്യോഗാർഥി

6 comments:

  1. പി എസ് സി യുടെ പരീക്ഷകള്‍ പലപ്പോഴും പ്രഹസനമായി തോന്നിയിട്ടുണ്ട് , ആരോട് പറയാന്‍ അല്ലെ ??

    ReplyDelete
    Replies
    1. ആരോട് പറയാൻ.. ഈ കണക്കുകൾ നോക്കുമ്പോ... എല്ലാം വെറും പ്രഹസനങ്ങൾ...

      Delete
  2. ഇടക്കിടയക്ക്‌ കുറച്ചു പ്രതീക്ഷകള്‍ എങ്കിലും നല്കിയിലെങ്കില്‍ ഈ യുവജനങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതുപോലെ എന്തെകിലും ഒക്കെ കൊടുത്താല്‍ പിന്നെ അതിന്റെ പുറകെ പൊയ്കൊള്ളും. ഞങ്ങള്‍ക്ക് ഭരിച്ചു മുടിക്കുകയും ചെയ്യാം. എപ്പടി?

    ReplyDelete
    Replies
    1. പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരു സമൂഹം വളര്ന്നു വരുന്നുണ്ടെന്നു ഉത്തരവാദിത്വപ്പെട്ടവർ മറക്കാതിരിക്കട്ടെ...

      Delete
  3. എനിക്കും പ്രതികരിക്കണമെന്നുണ്ട്.സര്‍ക്കാര്‍ ജീവനം ആയതുകൊണ്ടു കഴിയില്ല.ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete
  4. പരമസത്യമാ പറഞ്ഞിരിക്കുന്നത്‌.

    ReplyDelete